Advertisement
Kerala News
നിറത്തിന്റെ പേരിലെ അവഹേളനത്തില്‍ നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 20, 10:05 am
Monday, 20th January 2025, 3:35 pm

കണ്ണൂര്‍: കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുല്‍ വഹീദ് പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കണ്ണൂരിലെ ഇമിഗ്രെഷന്‍ വിഭാഗമാണ് പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു.

നവവധുവിന്റെ മരണത്തെ തുടര്‍ന്ന് അബ്ദുല്‍ വഹീദിന്റെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.

നിറത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും തുടര്‍ച്ചയായി നടത്തിയ അവഹേളനത്തെ തുടര്‍ന്നാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തത്.

ഷഹാന മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് നിരന്തരം കളിയാക്കുമായിരുന്നുവെന്നാണ് പരാതി.

പഠിക്കാന്‍ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തില്‍ പിന്നോട്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിന്റെ വിവരം ഷഹാന തന്നെ നേരിട്ട് കുടുംബാംഗങ്ങളോട് പറഞ്ഞത്.

ഭര്‍ത്താവിന്റേയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

ഷഹാനയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതി അബ്ദുല്‍ വാഹിദിനെതിരെ ചുമത്തിയിട്ടുള്ളത്.

Content Highlight: Newlywed bride commits suicide due to insult in the name of colour; Husband arrested