| Thursday, 5th October 2023, 10:08 pm

'ഗുണ്ടാ ടാക്‌സ്' നല്‍കിയില്ല; യു.പിയില്‍ പുതുതായി പണിത റോഡ് ബി.ജെ.പി എം.എല്‍.എയുടെ അനുയായികള്‍ തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാജഹാന്‍പൂര്‍: ഷാജഹാന്‍പൂരില്‍ പുതുതായി പണിത റോഡ് അക്രമി സംഘം തകര്‍ത്തു. കരാറുകാരന്‍ ‘ഗുണ്ടാ ടാക്‌സ്’ നല്‍കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് അക്രമി സംഘം റോഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

കത്ര ബി.ജെ.പി എം.എല്‍.എ വീര്‍ വിക്രം സിങ്ങിന്റെ ആളെന്ന് പറഞ്ഞ് വന്ന ജഗ്‌വീര്‍ സിങ് തന്നോട് ഗുണ്ടാ ടാക്‌സ് ആവശ്യപ്പെട്ടുവെന്നും താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റോഡ് നശിപ്പിക്കുകയായിരുന്നുവെന്നും കരാറുകാരനായ ശകുന്തള സിങ് പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച് ഏഴ് കിലോ മീറ്ററോളം റോഡാണ് അക്രമി സംഘം നശിപ്പിച്ചത്. ഇവര്‍ പണിക്കാരെ അക്രമിക്കുകയും പണിസാധനങ്ങളും യന്ത്രങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് സിങ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച എം.എല്‍.എ വീര്‍ വിക്രം സിങ് ഇന്‍ഷുറന്‍സ് ലഭിക്കാവായി കരാറുകാരന്‍ തന്നെ റോഡ് നശിപ്പിച്ചതാണെന്നാണ് ആരോപിച്ചത്. അക്രമിയായ ജഗ്‌വീര്‍ സിങ് തന്റെ അനുയായിയല്ലെന്ന് പറഞ്ഞ വീര്‍ വിക്രം പ്രതി ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് സമ്മതിച്ചു. ജഗ്‌വീറിന്റെ അതിക്രമത്തില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും എം.എല്‍.എ പറഞ്ഞു.

അതേസമയം റോഡ് നശിപ്പിച്ചവര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമത്തില്‍ നിന്നും ‘സംരക്ഷണം’ നല്‍കാനായി ആവശ്യപ്പെടുന്ന പണത്തെയാണ് ഗുണ്ടാ ടാക്‌സ് എന്ന പേരില്‍ ഉത്തര്‍പ്രദശില്‍ പറയപ്പെടുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഗുണ്ടാ ടാക്‌സുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ നടക്കാറുണ്ട്.

Content Highlight: Newly constructed road in Uttar Pradesh vandalized by supporters of MLA

We use cookies to give you the best possible experience. Learn more