| Saturday, 22nd June 2013, 5:49 pm

മുസ്ലിം കുട്ടികളുടെ വിവാഹ പ്രായം: വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാതെ സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: മുസ്ലിം കുട്ടികളുടെ  വിവാഹ പ്രായം 16 വയസ്സാക്കിയ  വിവാദ സര്‍ക്കുലറിന് പകരം സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കും.[]

എന്നാല്‍ മുസ്ലിം കുട്ടികളുടെ വിവാഹപ്രായം 16 വയസായി താഴ്ത്തിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. പകരം ശൈശവ വിവാഹ നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ടുള്ളതായിരിക്കും പുതിയ സര്‍ക്കുലറെന്ന്  തദ്ദേശഭരണ വകുപ്പ് അറിയിച്ചു.

നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് സര്‍ക്കുലര്‍.

1957 ലെ മുസ്ലിം വിവാഹനിയമം, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം എന്നിവയെ മറിടക്കുന്ന സര്‍ക്കുലര്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസാണ് നേരത്തെ പുറത്തിറക്കിയത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കിയുളള നിയമം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്. പതിനെട്ട് തികയാത്ത കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

2013 ജൂണ്‍ നാലിന് തദ്ദേശ വകുപ്പ് നല്‍കിയ ഉത്തരവ് രാജ്യത്തെ നിയമങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ടുള്ളതാണ്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 16 വയസ്സ് തികയാത്ത സ്ത്രീയും വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

വിവാഹം കഴിഞ്ഞ  18 വയസിനു താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ ജീവിത സുരക്ഷിതത്വവും വിവാഹ ബന്ധത്തിന് നിയമപരിരക്ഷയും ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് പുതിയ സര്‍ക്കുലറെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.

ശൈശവ വിവാഹനിരോധന നിയമം നിലനില്‍ക്കുന്നുണ്ട്. ശൈശവ വിവാഹം നടത്തുന്ന രക്ഷിതാക്കളെ അറസ്റ്റ് ചെയ്ത്  നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നതോടെ ഇതുസംബന്ധിച്ച് വിവാദത്തിന് അടിസ്ഥാനമില്ലാതാകുമെന്നും മന്ത്രി പറയുന്നു.

16 വയസുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമസാധുത നല്‍കുന്ന സര്‍ക്കുലറിനെതിരേ വിവിധ സംഘടകനളില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. മുസ്ലിം വനിതാ സംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും അടക്കമുള്ളവര്‍ ഇതിനെതിരേ രംഗത്തുവന്നു.

ഭരണകക്ഷിയില്‍നിന്ന് പോലും ലീഗിന് ഇതിനു പിന്തുണ ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്.

മുസ്ലിം കുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും നേരത്തെ പ്രസ്താവന നടത്തിരുന്നു.

ഭരണഘടനയെ അവഹേളിക്കുന്ന സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വിലപോലുമില്ല. നിയമവിരുദ്ധ തീരുമാനമെടുത്ത തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിവേണം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളി ഒറ്റക്കെട്ടായി നേരിടണമെന്നും വി.എസ് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more