ഇരുപത് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; സ്വന്തം തട്ടകത്തിൽ പി.എസ്.ജി യെ വെട്ടിവീഴ്ത്തി ന്യൂ കാസിൽ
Football
ഇരുപത് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; സ്വന്തം തട്ടകത്തിൽ പി.എസ്.ജി യെ വെട്ടിവീഴ്ത്തി ന്യൂ കാസിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th October 2023, 8:21 am

നീണ്ട 20 വർഷങ്ങൾക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് സ്വന്തം ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിൽ തിരിച്ചെത്തിയപ്പോൾ ഇംഗ്ലീഷ് ക്ലബ്ബ് ന്യൂകാസിൽ യുണൈറ്റഡ് ആരാധകർക്ക് മികച്ച വിരുന്നാണ് നൽകിയത്.

ഗ്രൂപ്പ്‌ എഫിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയിന്റ് ജർമനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ന്യൂ കാസിൽ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്.

20 വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ പോരാട്ടത്തിലേക്ക് കടന്ന് വന്ന ഇംഗ്ലീഷ് ടീം ഫ്രഞ്ച് വമ്പൻമാരെ ഗോൾ മഴയിൽ മുക്കുകയായിരുന്നു.

ആവേശകരമായ മത്സരത്തിൽ 4-3-3 എന്ന ഫോർമേഷനിലാണ് ന്യൂകാസിൽ യുണൈറ്റഡ് അണിനിരന്നത്. അതേസമയം മറുഭാഗത്ത്‌ 4-2-3-1 ഫോർമേഷനിലുമാണ് പി.എസ്.ജി കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ 17ാം മിനിട്ടിൽ മിഖായേൽ അൽമിറോണിലൂടെയാണ് ന്യൂ കാസിൽ ആണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. പാരീസിന്റെ പ്രതിരോധത്തിലുണ്ടായ പിഴവ് മുതലെടുത്തുകൊണ്ടായിരുന്നു താരം ഗോൾ നേടിയത്.

മത്സരത്തിന്റെ 39ാം മിനിട്ടിൽ ഇംഗ്ലീഷ് താരം ഡാൻ ബേണിലൂടെ ന്യൂ കാസിൽ വീണ്ടും മുന്നിലെത്തി. വലതു ഭാഗത്ത്‌ നിന്നും ലഭിച്ച ഫ്രീകിക്കിൽ നിന്നും ഹെഡറിലൂടെ താരം ഗോൾ കണ്ടെത്തുകയായിരുന്നു. ഒടുവിൽ ആദ്യപകുതി പിന്നിട്ടപ്പോൾ 2-0ത്തിന് ആതിഥേയർ മുന്നിട്ട് നിന്നു.

രണ്ടാം പകുതിയിൽ 50ാം മിനിട്ടിൽ ന്യൂ കാസിൽ മൂന്നാം ഗോൾ നേടി. സീൻ ലോങ്ങ്‌സ്റ്റാഫിന്റെ വകയായിരുന്നു ഫ്രഞ്ച് ക്ലബ്ബിനെതിരെയുള്ള മൂന്നാം ഗോൾ. പെനാൽട്ടി ബോക്സിന് പുറത്ത് നിന്നും പാസ്‌ സ്വീകരിച്ച താരം ബോക്സിനുള്ളിൽ നിന്നും ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തിന്റെ 56ാം മിനിട്ടിൽ ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസിലൂടെ പാരീസ് മറുപടി നൽകി. ബോക്സിന് പുറത്ത് നിന്നും വന്ന ക്രോസിൽ തലവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഫിനിഷിങ്. ഗോളോടെ മത്സരം 3-1 എന്ന നിലയിലെത്തി.

വീണ്ടും ഗോളുകൾ നേടിക്കൊണ്ട് മത്സരത്തിൽ ഒപ്പമെത്താൻ പാരീസ് ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ഫാബിയൻ സ്കാറിലൂടെ ആതിഥേയർ നാലാം ഗോൾ നേടികൊണ്ട് മത്സരം സ്വന്തമാക്കുകയായിരുന്നു. പെനാൽട്ടി ബോക്സിന് പുറത്ത് നിന്നും താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 4-1ന് ന്യൂ കാസിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ പാരീസ് സെയിന്റ് ജർമെൻ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചിരുന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഫ്രഞ്ച് ടീം കളത്തിലിറങ്ങിയത്. എന്നാൽ ആദ്യ മത്സരത്തിലെ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. പാരീസ് മുന്നേറ്റ നിരയിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ തിളങ്ങാതെ പോയതും ടീമിനെ ബാധിച്ചു.

 

മറുഭാഗത്ത്‌ ന്യൂ കാസിൽ യുണൈറ്റഡ് ആദ്യ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബ് എ.സി മിലാനെതിരെ സമനില നേടിയിരുന്നു. എന്നാൽ ഫ്രഞ്ച് ക്ലബ്ബിനെതിരെയുള്ള ഈ ത്രസിപ്പിക്കുന്ന ജയം ടീമിന് കൂടുതൽ ആത്മവിശ്വാസമാണ് നൽകുന്നത്.

ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയുമടക്കം നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും ന്യൂ കാസിലിന് കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ ആറിന് വെസ്റ്റ് ഹാമിനെതിരെയാണ് ന്യൂ കാസിലിന്റെ അടുത്ത മത്സരം.

അതേസമയം ഫ്രഞ്ച് ലീഗിൽ ഒക്ടോബർ ഒൻപതിന് പി.എസ്.ജി റെന്നേർസിനെ നേരിടും.

Content Highlight: Newcastle united beat paris saint germain in UCL.