| Sunday, 3rd December 2023, 8:27 am

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി; 101 വര്‍ഷത്തെ റെക്കോഡ് നേട്ടം തകര്‍ത്ത് ന്യൂകാസില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ന്യൂകാസില്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് റെഡ് ഡെവിള്‍സിനെ വീഴ്ത്തിയത്. ഈ തകര്‍പ്പന്‍ ജയത്തോടെ ചരിത്ര നേട്ടത്തിലേക്കാണ് ന്യൂകാസില്‍ യുണൈറ്റഡ് കാലെടുത്തുവെച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളും വിജയിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡിന് സാധിച്ചിരുന്നു.

101 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂകാസില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1922ലായിരുന്നു അവസാനമായി ന്യൂകാസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നത്.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറ്റൊരു മോശം റെക്കോഡും സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2021ന് ശേഷം ഒരു എവേ മത്സരത്തിലും വിജയിക്കാന്‍ റെഡ് ഡെവിള്‍സിന് സാധിച്ചിട്ടില്ല. 2021ല്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെയായിരുന്നു റെഡ് ഡെവിള്‍സിന്റെ അവസാന എവേ വിജയം.

മത്സരത്തിന്റെ 55ാം മിനിട്ടില്‍ അന്തോണി ഗോര്‍ഡോണിലൂടെയാണ് ന്യൂകാസില്‍ വിജയഗോള്‍ നേടിയത്.

തോല്‍വിയോടെ 14 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അതേസമയം ജയത്തോടെ 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ന്യൂകാസില്‍ യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ ഏഴിന് ചെല്‍സിക്കെതിരെയാണ് ടെന്‍ ഹാഗിന്റേയും കൂട്ടരുടെയും അടുത്ത മത്സരം. അതേസമയം ഡിസംബര്‍ എട്ടിന് ന്യൂകാസില്‍ എവര്‍ട്ടണനേയും നേരിടും.

Content Highlight: Newcastle United beat Manchester United in English premiere League.

We use cookies to give you the best possible experience. Learn more