പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരയായി ന്യൂകാസില്‍; വമ്പന്മാരെ മറികടന്ന് പട്ടികയില്‍ മൂന്നാമത്
Sports News
പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരയായി ന്യൂകാസില്‍; വമ്പന്മാരെ മറികടന്ന് പട്ടികയില്‍ മൂന്നാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th November 2022, 5:04 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇഞ്ചോടിഞ്ച് മത്സരം തുടരുകയാണ്. 13 മത്സരത്തില്‍ 11 വിജയത്തോടെ 34 പോയിന്റുള്ള ആഴ്‌സണലാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 10 മത്സരത്തില്‍ 32 പോയിന്റാണുള്ളത്.

എന്നാല്‍ ഏവരേയും ഞെട്ടിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കടന്നിരിക്കുകയാണ് ഇംഗ്ലണ്ടില്‍ ഇതുവരെയുള്ള കണക്കുകളില്‍ അത്ര വമ്പന്‍മാരല്ലാത്ത ന്യൂകാസില്‍ എഫ്.സി. 14 മത്സരങ്ങള്‍ കളിച്ച ന്യൂകാസില്‍ ഏഴ് വിജയവും 6 തോല്‍വിയും ഒരു സമനിലയുമായാണ് പോയിന്റ് പട്ടികയില്‍ അദ്യ സ്ഥാനങ്ങളിലുള്ളത്

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സതാംപ്ടണ്‍ എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ന്യൂകാസില്‍ പരാജയപ്പെടുത്തിയത്.

അല്‍മിറോണി(35), ക്രിസ് വുഡ്(58), ജോ വില്ലോക്ക് (62), ബ്രൂണോ ഗുയിമാരേസ്(90+1) എന്നിവരാണ് ന്യൂകാസിലിന് വേണ്ടി കഴിഞ്ഞ മത്സരത്തില്‍ ഗോളുകള്‍ നേടിയത്. ഈ ജയത്തോടെയാണ് ന്യൂകാസില്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

വലിയ സെലിബ്രിറ്റി കളിക്കാര്‍ ഒന്നുമില്ലെങ്കിലും ഒരു ടീമെന്ന നിലയില്‍ മനോഹരമായാണ് ന്യൂകാസില്‍ പ്രീമിയര്‍ ലീഗില്‍ പെര്‍ഫോം ചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ന്യൂകാസില്‍ യുണൈറ്റഡിനെ കഴിഞ്ഞ വര്‍ഷം സൗദി ആസ്ഥാനമാക്കിയുള്ള ഒരു കമ്പനി ഏറ്റെടുത്തതോടെ ടീമിന്റെ ടോട്ടല്‍ പെര്‍ഫോമന്‍സ് തന്നെ മാറിയെന്നാണ് ഈ പ്രീമിയര്‍ ലീഗ് ടേബിളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചു. ലിയോണ്‍ ബെയിലി, ലൂക്കാസ് ഡിഗ്നേ, ജേക്കബ് റാംസേ എന്നിവരാണ് ആസ്റ്റന്‍ വില്ലയുടെ സ്‌കോറര്‍മാര്‍.

ജേക്കബ് റാംസേയുടെ സെല്‍ഫ് ഗോള്‍ മാത്രമാണ് യുണൈറ്റഡിന് ആശ്വസിക്കാനുണ്ടായിരുന്നത്. സീസണിലെ നാലാം തോല്‍വി നേരിട്ട യുണൈറ്റഡ് 13 കളിയില്‍ 23 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍.

CONTENT HIGHLIGHT:  Newcastle as the dark horse of the  English Premier League