| Sunday, 5th March 2023, 3:25 pm

കൈലാസവുമായുള്ള കരാര്‍ റദ്ദാക്കി നെവാര്‍ക്ക്; വഞ്ചിക്കപ്പെട്ടുവെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂജേഴ്‌സി: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുമായി ഉണ്ടാക്കിയ സഹോദര നഗര കരാര്‍ റദ്ദാക്കി അമേരിക്കന്‍ കമ്പനിയായ നെവാര്‍ക്ക്. യു.എസ്.കെയുമായി കരാര്‍ ഉണ്ടാക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും പിന്‍വലിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

തങ്ങള്‍ വഞ്ചിക്കപ്പെട്ടതാണെന്നും നെവാര്‍ക്ക് പ്രസ് സെക്രട്ടറി സൂസന്‍ ഗരോഫാലോയെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈലാസയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ യു.എസ്.കെ പ്രതിനിധി പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. മാ വിജയപ്രിയ എന്ന സ്ത്രീയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കൈലാസയുടെ സ്ഥാപകനായ നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച ഇവര്‍ ഹിന്ദുമതത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.

യു.എന്നിന്റെ യോഗങ്ങളില്‍ യു.എസ്.കെ പ്രതിനിധികള്‍ക്ക് സ്ഥിരം പങ്കെടുക്കാനുള്ള അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

മാ വിജയപ്രിയ യോഗത്തില്‍ പങ്കെടുത്തത് വിവാദമായതോടെ വിശദീകരണവുമായി യു.എന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. യു.എസ്.കെ പ്രതിനിധി പങ്കെടുത്ത യോഗം പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നതായിരുന്നുവെന്നും, ഇവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യു.എന്‍ വ്യക്തമാക്കി. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നെവാര്‍ക്കിന്റെ പിന്മാറ്റം.

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നിത്യാനന്ദ പൊലീസ് അന്വേഷണത്തിനിടെ രാജ്യം വിടുകയായിരുന്നു. പിന്നീട് പുതിയ രാജ്യം സ്ഥാപിച്ചെന്ന ആഹ്വാനവുമായി ഇയാള്‍ രംഗത്തെത്തുകയായിരുന്നു.

Content Highlight: NEWARK withdrew agreement with united states of kailasa

We use cookies to give you the best possible experience. Learn more