| Monday, 14th October 2024, 10:28 pm

വിമണ്‍സ് ടി-20യില്‍ പാകിസ്ഥാനെതിരെ വമ്പന്‍ വിജയവുമായി കിവീസ് പട; സെമി കാണാതെ പുറത്തായി ഇന്ത്യയും!

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 54 റണ്‍സിന്റെ വമ്പന്‍ വിജയവുമായി ന്യൂസിലാന്‍ഡ്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനാണ് ടീമിന് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വെറും 11.4 ഓവറില്‍ 54 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ കിവീസിന് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ സാധിച്ചിരിക്കുകയാണ്.

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് കിവീസ് ബൗളര്‍മാര്‍ നല്‍കിയത്. രണ്ടാം ഓവറിന് എത്തിയ ഈഡന്‍ കാര്‍സണ്‍ ഓപ്പണര്‍ ആലിയ റിയാസിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് തുടങ്ങിയത്. ശേഷം 15 റണ്‍സ് നേടിയ മുനീബ അലിയെ ലിയ തഹുഹു കൂടാരം കയറ്റി. നാലാമനായി ഇറങ്ങിയ സദാഫ് ഷാംസിനെ രണ്ട് റണ്‍സിന് ഫ്രാന്‍ ജോണസ് ക്ലീന്‍ ബൗള്‍ഡും ചെയ്തു. ശേഷം സിദ്ര അമന്‍ (0), നിദ ധര്‍ (9), ഒമൈമ ഹെസൈന്‍ (2), സൈദ അരൂബ് ഷാ (0), എന്നിവരെ അതിവേഗം പുറത്താക്കുകയായിരുന്നു കിവീസ് ബൗളര്‍മാര്‍. പാകിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ ഫാത്തിമ സന 21 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കിവീസിനുവേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ഇഡന്‍ കാര്‍സി രണ്ട് വിക്കറ്റുകളാണ് നേടിയത്. താരത്തിന് പുറമെ റോസ് മേരി മെയ്ര്‍, ലിയ തഹുഹു, ഫ്രാന്‍ ജോനസ്, അമേലിയ കെര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാക്കിയുള്ള വിക്കറ്റുകള്‍ റൗണ്‍ ഔട്ടിലും നേടി വമ്പന്‍ വിജയമാണ് കിവീസ് നേടിയത്.

കിവീസിനുവേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ സൂസി ബാറ്റ്‌സാണ്. 29 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 28 റണ്‍സ് നേടി ടീമിന് ഉയര്‍ന്ന സ്‌കോര്‍ നല്‍കിയാണ് പുറത്തായത്. താരത്തിന് പുറമെ ജോര്‍ജിയ പ്ലിമ്മര്‍ 17 റണ്‍സും നേടിയപ്പോള്‍ മധ്യനിര ബാറ്റര്‍ ബ്രൂക്ക് ഹാലിഡേ 22 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയാണ് പുറത്തായത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 19 റണ്‍സാണ് ടീമിനുവേണ്ടി നേടിക്കൊടുത്തത്. സാദിയ ഇഖ്ബാലിന്റെ പന്തിലാണ് താരം പുറത്തായത്. മറ്റാര്‍ക്കും ടീമിനുവേണ്ടി കാര്യമായ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

പാകിസ്ഥാന്‍ വിമണ്‍സിനു വേണ്ടി നഷ്‌റ സന്ധുവാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. നാല് ഓവര്‍ എറിഞ്ഞ് 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സാദിയ, നിദ ധര്‍, ഒമൈമ സൊഹൈല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

പാകിസ്ഥാന്റെ തോല്‍വിയില്‍ ഇന്ത്യക്കാണ് വലിയ തിരിച്ചടി സംഭവിച്ചത്. ഇന്ത്യക്ക് സെമി സാധ്യത ഉറപ്പിക്കണമെങ്കില്‍ ന്യൂസിലാന്‍ഡ് ഈ മത്സരത്തില്‍ പരാജയപ്പെടേണ്ടിയിരുന്നു. എന്നാല്‍ മികച്ച ഫോമില്‍ ബൗള്‍ ചെയ്യുന്ന ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ സെമി കാണാതെ പുറത്തായിരിക്കുകയാണ്.

Content Highlight: New Zealand Women’s Won Against Pakistan In 2024 Women’s T-20 World Cup

We use cookies to give you the best possible experience. Learn more