| Tuesday, 28th February 2023, 9:06 am

ന്യൂസിലാന്‍ഡ് യൂ ബ്യൂട്ടി... ഒറ്റ റണ്ണിന് ടെസ്റ്റ് വിജയിച്ച് കിവികള്‍; ഇത് നൂറ്റാണ്ടിന്റെ തിരിച്ചുവരവ്

സ്പോര്‍ട്സ് ഡെസ്‌ക്

നൂറ്റാണ്ടിന്റെ തിരിച്ചുവരവില്‍ ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ത്രീ ലയണ്‍സിനെ തോല്‍പിച്ച് കിവികള്‍. ബേസിന്‍ റിസര്‍വില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ ഒറ്റ റണ്‍സിന് വിജയിച്ചാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ലോകത്തെയൊന്നാകെ ആവേശത്തിലാഴ്ത്തിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 256 റണ്‍സ് മാത്രം നേടാനേ സാധിച്ചുള്ളൂ.

48 റണ്‍സിന് ഒരുവിക്കറ്റ് എന്ന നിലയില്‍ അഞ്ചാം ദിവസം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് പിഴക്കുകയായിരുന്നു. 79 ഓവറില്‍ 210 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായില്‍ മറ്റൊരു പരമ്പരയും ക്ലീന്‍ സ്വീപ് ചെയ്യാം എന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.

ജോ റൂട്ടിന്റെ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എളുപ്പം വിജയത്തിലേക്കെത്തുമെന്ന് തോന്നിച്ചെങ്കിലും കിവികള്‍ അതിന് അനുവദിച്ചില്ല. നീല്‍ വാഗ്നറും ടിം സൗത്തിയും മാറ്റ് ഹെന്റിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ എറിഞ്ഞിടുകയായിരുന്നു.

ഇംഗ്ലണ്ട് എളുപ്പത്തില്‍ വിജയിച്ചേക്കും എന്ന് തോന്നിച്ചിടത്തുനിന്നാണ് ആന്റി ക്ലൈമാക്‌സിലൂടെ ന്യൂസിലാന്‍ഡിന്റെ രംഗപ്രവേശം. നെയ്ല്‍ ബൈറ്റിങ് ഫിനിഷിയൂടെയാണ് ന്യൂസിലാന്‍ഡ് വിജയം പിടിച്ചെടുത്തത്.

എട്ട് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 43 റണ്‍സായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സിലായിരുന്നു ടീമിന്റെ പ്രതീക്ഷ മുഴുവനും. എന്നാല്‍ വിജയത്തിന് ഏഴ് റണ്‍സകലെ 33 റണ്‍സ് നേടിയ ബെന്‍ ഫോക്‌സ് വീണു. അവസാന വിക്കറ്റായി ആന്‍ഡേഴ്‌സണ്‍ ക്രീസിലേക്ക്.

ജാക്ക് ലീച്ചും ആന്‍ഡേഴ്‌സണും ചേര്‍ന്ന് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. ആന്‍ഡേഴ്‌സണിന്റെ ബാറ്റില്‍ നിന്നും ഒരു ബൗണ്ടറി കൂടി പിറന്നതോടെ ലോകമൊന്നാകെ ബേസിന്‍ റിസര്‍വിലേക്ക് ഉറ്റുനോക്കി. എന്നാല്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ജിമ്മിയെ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ച് വാഗ്നര്‍ മടക്കിയതോടെ ന്യൂസിലാന്‍ഡിന് ഒരു റണ്‍സിന്റെ വിജയം.

നേരത്തെ ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്നാണ് ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറിയും ഓപ്പണര്‍മാരായ ടോം ലാഥം, ഡെവോണ്‍ കോണ്‍വേ ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുമാണ് കിവികള്‍ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

കെയ്ന്‍ വില്യംസണ്‍ 282 പന്ത് നേരിട്ട് 132 റണ്‍സ് നേടി. ഇതോടെ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റോസ് ടെയ്ലറുടെ റെക്കോഡ് തകര്‍ക്കാനും വില്യംസണായി.

ടോം ലാഥം 172 പന്ത് നേരിട്ട് 83 റണ്‍സ് നേടിയപ്പോള്‍ 155 പന്തില്‍ നിന്നും 61 റണ്‍സായിരുന്നു കോണ്‍വേയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ചായിരുന്നു ടോം ബ്ലണ്ടല്‍ പുറത്തായത്. 166 പന്തില്‍ നിന്നും 90 റണ്‍സായിരുന്നു താരം നേടിയത്. 55 പന്ത് നേരിട്ട മിച്ചല്‍ 54 റണ്‍സും നേടി.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലാക്കാനും ന്യൂസിലാന്‍ഡിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ വിന്നിങ് സ്ട്രീക്കും ഇതോടെ കിവികള്‍ക്ക് മുമ്പില്‍ തകര്‍ന്നുവീണു

Content Highlight: New Zealand wins 2nd test against England

Latest Stories

We use cookies to give you the best possible experience. Learn more