ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും കിവീസ് ഐതിഹാസികമായ വിജയം സ്വന്തമാക്കുകയും പരമ്പര ജേതാക്കളാവുകയും ചെയ്തിരുന്നു.
എന്നാല്‍ അവസാന ടെസ്റ്റിന് ഒരുങ്ങുന്ന കിവീസിന് തങ്ങളുടെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ കെയിന്‍ വില്യംസണെ നഷ്ടമാകും. കഴിഞ്ഞ രണ്ട് ടെസ്റ്റിലും പരിക്ക് മൂലം മാറിനിന്ന വില്യംസണ്‍ അവസാന ടെസ്റ്റില്‍ ഇടം നേടുമെന്ന് ആരാധകര്‍ വിശ്വസിച്ചെങ്കിലും താരത്തിന് വീണ്ടും ബെഞ്ചില്‍ ഇരിക്കേണ്ടി വന്നിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ പരിക്ക് ഭേദമാകാതെ വന്നതോടെ താരത്തിന് ഇന്ത്യയോടുള്ള രണ്ട് മത്സരങ്ങളും നഷ്ടമാവുകയായിരുന്നു.
ഇതോടെ വില്യംസണ്‍ ടീമിന് വേണ്ടി കളിക്കില്ലെന്ന് ന്യൂസിലാന്‍ഡ് ഹെഡ് കോച്ച് ഗാരി സ്‌റ്റെഡ് പറഞ്ഞിരുന്നു. കെയിന്‍ മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് ഗാരി പറഞ്ഞത്.
ന്യൂസിലാന്‍ഡിന്റെ ഹെഡ് കോച്ച് ഗാരി സ്‌റ്റെഡ് പറഞ്ഞത്
‘അവന്റെ പരിക്കില്‍ മാറ്റമുണ്ടാകുന്നുണ്ട്, പക്ഷേ അദ്ദേഹം ഇതുവരെ കളിക്കാന്‍ തയ്യാറായിട്ടില്ല.
അദ്ദേഹം തന്റെ ചികിത്സയുടെ അവസാന ഘട്ടത്തിനായി ന്യൂസിലന്‍ഡില്‍ തിരിച്ചെത്തിയത്, അതിനാല്‍ വില്യംസണ് ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ കഴിയും. വരാനിരിക്കുന്ന പരമ്പരയ്ക്ക് ഇനിയും ഒരു മാസമുണ്ട്, അതിനാല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് അദ്ദേഹം യോഗ്യനാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്,’ ഗാരി പറഞ്ഞു.