| Wednesday, 14th February 2024, 12:06 pm

അട്ടിമറിക്കുമോ? ന്യൂസിലാന്‍ഡിനെ എറിഞ്ഞിട്ട് 'പേരുപോലും കേള്‍ക്കാത്ത പിള്ളേര്‍'; ആദ്യ ഇന്നിങ്‌സ് ലീഡുമായി സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സ് ലീഡുമായി സന്ദര്‍ശകര്‍. സെഡണ്‍ പാര്‍ക്കില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 31 റണ്‍ഡസിന്റെ ലീഡാണ് സൗത്ത് ആഫ്രിക്കക്കുള്ളത്.

പ്രോട്ടിയാസ് ഉയര്‍ത്തിയ 242 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 211ന് ഓള്‍ ഔട്ടാവുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് റുവാന്‍ ഡി സ്വാര്‍ഡിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് 242ലേക്കുയര്‍ന്നത്. 156 പന്ത് നേരിട്ട് 64 റണ്‍സാണ് താരം നേടിയത്.

102 പന്തില്‍ 39 റണ്‍സ് നേടി ഡേവിഡ് ബെഡ്ഡിങ്ഹാം, 89 പന്തില്‍ 38 റണ്‍സടിച്ച ഷോണ്‍ വോന്‍ ബെര്‍ഗ്, 71 പന്തില്‍ 32 റണ്‍സ് നേടിയ റെയ്‌നാര്‍ഡ് വാന്‍ ടോന്‍ഡര്‍ എന്നിവരും പ്രോട്ടിയാസ് ടോട്ടലിലേക്ക് സംഭാവനകള്‍ നല്‍കി.

ന്യൂസിലാന്‍ഡിനായി വില്‍ ഒ റൂര്‍ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റുമായി രചിന്‍ രവീന്ദ്രയും തിളങ്ങി. ക്യാപ്റ്റന്‍ ടിം സൗത്തി, മാറ്റ് ഹെന്റി, നീല്‍ വാഗ്നര്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് തുടക്കത്തിലേ പിഴച്ചു. ഡെവോണ്‍ കോണ്‍വേയെ ബ്രോണ്‍സ് ഡക്കാക്കി ഡെയ്ന്‍ പാറ്റേഴ്‌സണ്‍ ആദ്യ രക്തം ചിന്തി. രണ്ടാം വിക്കറ്റില്‍ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണും ടോം ലാഥവും ചേര്‍ന്ന് സ്‌കോറിങ്ങിന് അടിത്തറയിട്ടെങ്കിലും 86 റണ്‍സിനിടെ ഇരുവരെയും മടക്കി പ്രോട്ടിയാസ് മത്സരം കൈവിടാതെ സൂക്ഷിച്ചു.

ലാഥം 104 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ 108 പന്തില്‍ 43 റണ്‍സാണ് വില്യംസണ്‍ നേടിയത്.

പിന്നാലെയെത്തിയവരില്‍ വില്‍ യങ് (73 പന്തില്‍ 36), നീല്‍ വാഗ്നര്‍ (27 പന്തില്‍ 33) എന്നിവര്‍ മാത്രമാണ് ചെറുത്തുനില്‍പിന് ശ്രമിച്ചത്.

എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ സൗത്ത് ആഫ്രിക്ക മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ സ്‌കോര്‍ ഉയര്‍ത്താനോ അനുവദിക്കാതെ ബ്ലാക് ക്യാപ്‌സിനെ തളച്ചിട്ടു.

ഒടുവില്‍ 77.3 ഓവറില്‍ 211ന് ആതിഥേയര്‍ ഓള്‍ ഔട്ടായി.

സൗത്ത് ആഫ്രിക്കക്കായി ഡെയ്ന്‍ പീഡ് അഞ്ച് വിക്കറ്റ് നേടി. അന്താരാഷ്ട്ര കരിയറിലെ രണ്ടാം ഫൈഫര്‍ നേട്ടമാണ് പീഡ് ന്യൂസിലാന്‍ഡിനെതിരെ സ്വന്തമാക്കിയത്. ഡെയ്ന്‍ പാറ്റേഴ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെപോ മൊരാകി ഒരു വിക്കറ്റും നേടി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവികള്‍ 281 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

Content highlight: New Zealand vs South Africa2nd test, South Africa took first innings lead

We use cookies to give you the best possible experience. Learn more