| Thursday, 15th February 2024, 1:22 pm

ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് സൗത്ത് ആഫ്രിക്ക; രണ്ട് ദിവസത്തില്‍ വേണ്ടത് ഒമ്പത് വിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 267 റണ്‍സിന്റെ വിജയലക്ഷ്യം. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 40 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.

31 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സൗത്ത് ആഫ്രിക്ക 235ന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഡേവിഡ് ബെഡ്ഡിങ്ഹാമിന്റെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് തുണയായത്. 141 പന്ത് നേരിട്ട താരം 110 റണ്‍സാണ് നേടിയത്. 12 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

79 പന്തില്‍ 43 റണ്‍സ് നേടിയ കീഗന്‍ പീറ്റേഴ്സണും 60 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നീല്‍ ബ്രാന്‍ഡുമാണ് സൗത്ത് ആഫ്രിക്കക്കായി റണ്‍സ് നേടിയ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ 63 പന്തില്‍ 17 റണ്‍സ് നേടിയ സുബൈര്‍ ഹംസ മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ ഇരട്ടയക്കം കണ്ടത്.

ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായ റുവാന്‍ ഡി സ്വാര്‍ഡ് ആറ് പന്തില്‍ ഒരു റണ്ണിന് പുറത്തായി. സ്വാര്‍ഡ് അടക്കം ഏഴ് പേരാണ് ഒറ്റയക്കത്തിന് മടങ്ങിയത്.

ന്യൂസിലാന്‍ഡിനായി അരങ്ങേറ്റക്കാരന്‍ വില്‍ ഓ റൂര്‍ക് അഞ്ച് വിക്കറ്റ് നേടി. നാല് മെയ്ഡന്‍ അടക്കം 13.5 ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് താരം കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും നേടി റൂര്‍ക് തിളങ്ങിയിരുന്നു.

ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാറ്റ് ഹെന്റി, രചിന്‍ രവീന്ദ്ര, നീല്‍ വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

267 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 44 പന്തില്‍ 17 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയെയാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. ഡെയ്ന്‍ പീഡിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്.

മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ന്യൂസിലാന്‍ഡിന് 227 റണ്‍സ് കൂടിയാണ് ആവശ്യമുള്ളത്.

സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

സൗത്ത് ആഫ്രിക്ക – 242 & 235

ന്യൂസിലാന്‍ഡ് (T: 267) 211 & 40/1 (13.5/198)

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവികള്‍ 281 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. അതേസമയം, രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

Content highlight: New Zealand vs South Africa 2nd Test: SA needs 227 runs to win

Latest Stories

We use cookies to give you the best possible experience. Learn more