സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വീണ്ടും സെഞ്ച്വറി നേടി മുന്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
അട്ടിമറി വിജയം പ്രതീക്ഷിച്ചിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷകള്‍ മുഴുവന്‍ തല്ലിക്കെടുത്തിയാണ് വില്യംസണ്‍ സെഞ്ച്വറിയുമായി തിളങ്ങുന്നത്.
കരിയറില്‍ താരത്തിന്റെ 32ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഈ നേട്ടത്തിന് പിന്നാലെ ഫാബ് ഫോറില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആക്ടീവ് പ്ലെയേഴ്‌സിന്റെ ലിസ്റ്റിലും വില്യംസണ്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനൊപ്പമാണ് താരം ഒന്നാം സ്ഥാനം പങ്കിടുന്നത്. എന്നാല്‍ സ്റ്റീവ് സ്മിത്തിനെക്കാള്‍ ഒമ്പത് മത്സരം കുറവ് കളിച്ചാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇതിന് പുറമെ ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ 32 ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും വില്യംസണ്‍ ഒന്നാമതെത്തി.
ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും വില്യംസണെ തേടിയെത്തിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് വില്യംസണ്‍ കയ്യടി നേടുന്നത്.
ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 289 പന്ത് നേരിട്ട് 118 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 132 പന്ത് നേരിട്ട് 109 റണ്‍സാണ് നേടിയത്.
അതേസമയം, മത്സരത്തിന്റെ നാലാം ദിവസം ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 232ന് മൂന്ന് എന്ന നിലയിലാണ് കിവീസ്. 225 പന്തില്‍ 109 റണ്‍സുമായി കെയ്ന്‍ വില്യംസണും 112 പന്തില്‍ 48 റണ്‍സുമായി വില്‍ യങ്ങുമാണ് ക്രീസില്‍. 35 റണ്‍സ് കൂടിയാണ് ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ ആവശ്യമുള്ളത്.
Content highlight: New Zealand vs South Africa 2nd Test; Kane Williamson scored century in 2nd test