സൗത്ത് ആഫ്രിക്കക്ക് ഇത് 'ചെകുത്താന്റെ ചിരി'; ചരിത്രം കുറിച്ച് വില്യംസണ്‍
Sports News
സൗത്ത് ആഫ്രിക്കക്ക് ഇത് 'ചെകുത്താന്റെ ചിരി'; ചരിത്രം കുറിച്ച് വില്യംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2024, 11:49 am

 

സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കി കെയ്ന്‍ വില്യംസണ്‍. ബേ ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 132 പന്തില്‍ 109 റണ്‍സ് നേടിയാണ് വില്യംസണ്‍ തരംഗമായത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 289 പന്ത് നേരിട്ട വില്യംസണ്‍ 118 റണ്‍സാണ് നേടിയത്. 16 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ആദ്യ ഇന്നിങ്‌സില്‍ വില്യംസണ് പുറമെ യുവതാരം രചിന്‍ രവീന്ദ്രയും തകര്‍ത്തടിച്ചിരുന്നു. കരിയറിലെ ആദ്യ റെഡ് ബോള്‍ സെഞ്ച്വറി തന്നെ ഇരട്ട സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്താണ് രചിന്‍ കിവീസ് സ്‌കോര്‍ ഉയര്‍ത്തിയത്.

ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 511 റണ്‍സ് നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയെ വെറും 162 റണ്‍സിനാണ് ബ്ലാക് ക്യാപ്‌സ് എറിഞ്ഞിട്ടത്. 132 പന്തില്‍ 45 റണ്‍സ് നേടിയ കീഗന്‍ പീറ്റേഴ്‌സണാണ് പ്രോട്ടിയാസിന്റെ ടോപ് സ്‌കോറര്‍.

ന്യൂസിലാന്‍ഡിനായി മിച്ചല്‍ സാന്റ്‌നറും മാറ്റ് ഹെന്റിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രചിന്‍ രവീന്ദ്രയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റ് വീതം നേടി.

349 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ടോം ലാഥമിനെ കിവികള്‍ക്ക് നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി വില്യംസണെത്തിയതോടെ കളി മാറി.

12 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് താരം 109 റണ്‍സ് നേടിയത്. ടെസ്റ്റ് കരിയറിലെ 31ാം സെഞ്ച്വറിയാണ് താരം ബേ ഓവലില്‍ കുറിച്ചത്.

ഇതിന് പുറമെ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന അഞ്ചാമത് ന്യൂസിലാന്‍ഡ് താരം എന്ന നേട്ടവും വില്യംസണ്‍ സ്വന്തമാക്കി. ഗ്ലെന്‍ ടര്‍ണര്‍, ജെഫ്രി ഫിലിപ് ഹോവെര്‍ത്, ആന്‍ഡ്രൂ ജോണ്‍സ്, പീറ്റര്‍ ഫുള്‍ടണ്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയ മറ്റ് ന്യൂസിലാന്‍ഡ് താരങ്ങള്‍.

അതേസമയം, ന്യൂസിലാന്‍ഡ്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 179ന് നാല് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. നിലവില്‍ 528 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ലീഡ് ചെയ്യുന്നത്.

വില്യംസണ് പുറമെ ടോം ലാഥം (13 പന്തില്‍ 3), ഡെവോണ്‍ കോണ്‍വേ (68 പന്തില്‍ 29), രചിന്‍ രവീന്ദ്ര (26 പന്തില്‍ 12) എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ കിവികള്‍ക്ക് നഷ്ടമായത്. 17 പന്തില്‍ 11 റണ്‍സുമായി ഡാരില്‍ മിച്ചലും നാല് പന്തില്‍ അഞ്ച് റണ്‍സുമായി ടോം ബ്ലണ്ടലുമാണ് ക്രീസില്‍.

 

Content highlight: New Zealand vs South Africa: 1st Test: Kane Williamson hit century in both innings