തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനല്‍ തോറ്റവരാണ്, ഇനി അതിനാകില്ല എന്ന് വിളിച്ച് പറയും പോലെ; കിവികളെത്തുന്നു, ജാഗ്രതൈ
Sports News
തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനല്‍ തോറ്റവരാണ്, ഇനി അതിനാകില്ല എന്ന് വിളിച്ച് പറയും പോലെ; കിവികളെത്തുന്നു, ജാഗ്രതൈ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th September 2023, 7:46 am

ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ പരമ്പര സ്വന്തമാക്കി സന്ദര്‍ശകര്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0നാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഷേര്‍ ഇ ബംഗ്ലയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ചാണ് കിവികള്‍ പരമ്പര സ്വന്തമാക്കിയത്.

രണ്ടാം മത്സരത്തിലേതെന്ന പോലെ മൂന്നാം മത്സരത്തിലും ബൗളര്‍മാരാണ് ബംഗ്ലാ കടുവകളുടെ വിധിയെഴുതിയത്. ആദം മില്‍നെയും ട്രെന്റ് ബോള്‍ട്ടും കോള്‍ മക്കോന്‍ചിയും ആതിഥേയരെ എറിഞ്ഞിട്ടപ്പോള്‍ ലോകകപ്പിന് മുമ്പ് പരമ്പര തോല്‍വിയുമായി ഷാകിബും സംഘവും തലകുനിച്ചുനിന്നു.

പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിക്കുകയും രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയിക്കുകയും ചെയ്തതോടെ മൂന്നാം മത്സരം വിജയിച്ച് സീരീസ് സമനിലയിലെത്തിക്കാനാണ് ബംഗ്ലാ കടുവകള്‍ ഒരുങ്ങിയത്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു.

തുടക്കത്തിലേ ബംഗ്ലാദേശിന് തിരിച്ചടി നേരിട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് തികയും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരും കൂടാരം കയറി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി നിന്ന തന്‍സിദ് ഹസനെ ട്രെന്റ് ബോള്‍ട്ടും അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍സ് നേടിയ സക്കീര്‍ ഹസനെ മില്‍നെയും മടക്കി.

മൂന്നാം നമ്പറിലിറങ്ങിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ ചെറുത്ത് നില്‍പിനാണ് മിര്‍പൂര്‍ സാക്ഷിയായത്. 84 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയുടെ അകമ്പടിയോടെ 76 റണ്‍സാണ് താരം നേടിയത്.

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും ഷാന്റോ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. ക്രീസിലെത്തിയവര്‍ക്കെല്ലാമൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഷാന്റോ ശ്രമിച്ചെങ്കിലും വമ്പന്‍ കൂട്ടുകെട്ട് ഒന്നും പിറന്നില്ല.

മഹ്മദുള്ള (27 പന്തില്‍ 21), തൗഹിദ് ഹിരോദി (17 പന്തില്‍ 18), മുഷ്ഫിഖര്‍ റഹീം (25 പന്തില്‍ 18) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റ് റണ്‍ വേട്ടക്കാര്‍.

ഒടുവില്‍ 34.3 ഓവറില്‍ ബംഗ്ലാദേശ് 171ന് ഓള്‍ ഔട്ടായി.

ബ്ലാക് ക്യാപ്‌സിനായി ആദം മില്‍നെ നാല് വിക്കറ്റ് വീഴ്ത്തി. 6.3 ഓവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു മില്‍നെ നാല് കടുവകളെ മടക്കിയത്. സക്കീര്‍ ഹസന്‍, തൗഹിദ് ഹിരോദി, മഹ്മദുള്ള, ഷോരിഫുള്‍ ഇസ്‌ലാം എന്നിവരെയാണ് മില്‍നെ പുറത്താക്കിയത്.

രണ്ട് വീതം വിക്കറ്റുകളുമായി കോള്‍ മക്കോന്‍ചിയും ട്രെന്റ് ബോള്‍ട്ടും തിളങ്ങിയപ്പോള്‍ രചിന്‍ രവീന്ദ്രയും ലോക്കി ഫെര്‍ഗൂസനും ശേഷിക്കുന്ന വിക്കറ്റുകളും സ്വന്തമാക്കി.

172 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് വീശിയ സന്ദര്‍ശകര്‍ ഏഴ് വിക്കറ്റും 91 പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കി. വില്‍ യങ്ങിന്റെയും ഹെന്റി നിക്കോള്‍സിന്റെയും അര്‍ധ സെഞ്ച്വറികളാണ് കിവീസിന് തുണയായത്. യങ് 80 പന്തില്‍ 70 റണ്‍സടിച്ചപ്പോള്‍ നിക്കോള്‍സ് 86 പന്തില്‍ പുറത്താകാതെ 50 റണ്‍സും നേടി.

വില്‍ യങ്ങാണ് കളിയിലെ താരം. അവസാന മത്സരത്തിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹെന്റി നിക്കോള്‍സിനെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്.

ഈ പരമ്പര വിജയത്തിന് പിന്നാലെ തങ്ങള്‍ ലോകകപ്പിന് സര്‍വസജ്ജരാണെന്ന് അടിവരയിട്ടുറപ്പിക്കാനും ബ്ലാക് ക്യാപ്‌സിനായി. 2015ലും 2019ലും ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും 2023ല്‍ തങ്ങളുടെ നിര്‍ഭാഗ്യത്തെ മറികടക്കാനാണ് കിവികള്‍ ഒരുങ്ങുന്നത്.

 

Content Highlight: New Zealand vs Bangladesh, New Zealand won the series