ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ 172 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് ന്യൂസിലാന്‍ഡിന് നേരിടേണ്ടി വന്നത്.
മാര്‍ച്ച് എട്ടിനാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം അരങ്ങേറുന്നത്. ക്രൈസ്റ്റ് ചര്‍ച്ചാണ് വേദി. ഈ മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനാണ് കിവികള്‍ ഒരുങ്ങുന്നത്.
രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ തങ്ങള്‍ക്ക് ഐ.സി.സി ട്രോഫി നേടിത്തന്ന മുന്‍ നായകന്‍ കെയ്ന്‍ വില്യംസണും നിലവിലെ നായകന്‍ ടിം സൗത്തിക്കും ന്യൂസിലാന്‍ഡ് ടീം നല്‍കുന്ന ഏറ്റവും വലിയ സമ്മാനം കൂടിയാകുമത്. ഇരുവരുടെയും നൂറാം ടെസ്റ്റ് മത്സരമാണിത്.
നാഷണല്‍ ജേഴ്‌സിയില്‍ രാജ്യത്തിനായി 100ാം ടെസ്റ്റ് എന്ന നാഴികക്കല്ല് താണ്ടുമ്പോള്‍ അതിന് വിജയത്തിന്റെ മധുരം നല്‍കാനാണ് സൗത്തിയും വില്യംസണും ഒരുങ്ങുന്നത്.
2008ലാണ് സൗത്തി കിവികള്‍ക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. നേപ്പിയറില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. സൗത്തിയുടെ അരങ്ങേറ്റ മത്സരത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് കെയ്ന്‍ വില്യംസണ്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തിയത്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരായണ് വില്യംസണ്‍ റെഡ് ബോളില്‍ ആദ്യമായി കളത്തിലിറങ്ങിയത്.
അണ്ടര്‍ 19 മുതല്‍ ഒന്നിച്ചുണ്ടായിരുന്ന ഇരുവരും തുടര്‍ന്നങ്ങോട്ട് ബെസ്റ്റ് ഫോര്‍മാറ്റായ ടെസ്റ്റിലും ഒന്നിച്ചുള്ള യാത്ര തുടര്‍ന്നു.
ഒന്നിച്ച് അരങ്ങേറാന്‍ സാധിച്ചില്ലെങ്കിലും ന്യൂസിലാന്‍ഡിനായി ഒരുമിച്ച് 50ാം ടെസ്റ്റ് മത്സരം കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. 2016ല്‍ സിംബാബ്‌വേക്കെതിരെയാണ് ഇരുവരും ഒന്നിച്ച് തങ്ങളുടെ 50ാം മത്സരത്തിനിറങ്ങിയത്.
ഇപ്പോള്‍ ഇരുവര്‍ക്കും ഒരേ മത്സരത്തില്‍ തന്നെ 100ാം ടെസ്റ്റ് കളിക്കാനുള്ള അവസരവും കൈവന്നിരിക്കുകയാണ്.
The Bulawayo Test is the 50th for both Tim Southee and Kane Williamson!https://t.co/eicaUOuJDf #ZIMvNZ pic.twitter.com/ezPDqmZ4wV
— ESPNcricinfo (@ESPNcricinfo) August 6, 2016
2006ലാണ് ഇതിന് മുമ്പ് ഒരു ടീമിലെ രണ്ട് താരങ്ങള്‍ ഒന്നിച്ച് 100ാം ടെസ്റ്റ് കളിച്ചത്. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസങ്ങളായ ജാക് കാല്ലിസും ഷോണ്‍ പൊള്ളോക്കുമാണ് ഒരു ടീമിന് വേണ്ടി ഒന്നിച്ച് നൂറാം ടെസ്റ്റ് കളിച്ചത്.
അതേ മത്സരത്തില്‍ തന്നെ ന്യൂസിലാന്‍ഡ് ഇതിഹാസം സിറ്റീഫന്‍ ഫ്‌ളെമിങ്ങും തന്റെ നൂറാം മത്സരത്തിന് കളത്തിലിറങ്ങിയിരുന്നു.
ക്രൈസ്റ്റ് ചര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെ തങ്ങളുടെ നൂറാം മത്സരത്തില്‍ കളത്തിലിറങ്ങുന്നതടെ ഒരു എലീറ്റ് ലിസ്റ്റിലും സൗത്തിയും വില്യംസണും സ്ഥാനം പിടിക്കും. റോസ് ടെയ്‌ലര്‍, ഡാനിയല്‍ വെറ്റോറി, സ്റ്റീഫന്‍ ഫ്‌ളെമിങ്, ബ്രണ്ടന്‍ മക്കെല്ലം എന്നിവര്‍ക്കൊപ്പമാണ് കിവികള്‍ക്കായി നൂറ് ടെസ്റ്റ് കളിച്ച താരങ്ങളുടെ പട്ടികയില്‍ നായകനും മുന്‍ നായകനും ഇടം നേടുക.
Content highlight: New Zealand vs Australia: Tim Southee and Kane Williamson to play 100th test together