| Friday, 8th March 2024, 3:28 pm

വില്ലിയുടെയും സൗത്തിയുടെയും കരിയറിലെ നാഴികക്കല്ലില്‍ ടീമിന് നാണക്കേട്‌; തലക്കടിയേറ്റ് ന്യൂസിലാന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ക്രൈസ്റ്റ് ചര്‍ച്ചിലെ ഹേഗ്ലി ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 45.5 ഓവറില്‍ വെറും 162 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ റണ്‍സ് പടുത്തുയര്‍ത്താനോ അനുവദിക്കാതെ ഓസീസ് ബൗളര്‍മാര്‍ ന്യൂസിലാന്‍ഡിനെ വരിഞ്ഞുമുറുക്കി. 69 പന്ത് നേരിട്ട് 38 റണ്‍സ് നേടിയ ടോം ലാഥമാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍.

ഒമ്പതാം നമ്പറില്‍ ഇറങ്ങി 28 പന്തില്‍ 29 റണ്‍സ് നേടിയ മാറ്റ് ഹെന്റിയും പത്താം നമ്പറില്‍ ഇറങ്ങി 20 പന്തില്‍ 26 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടിം സൗത്തിയുമാണ് ന്യൂസിലാന്‍ഡിന്റെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മുന്‍ നായകന്‍ കെയ്ന്‍ വില്യസണ്‍ 37 പന്തില്‍ 17 റണ്‍സ് നേടി പുറത്തായി.

നായകന്‍ ടിം സൗത്തിയുടെയും കെയ്ന്‍ വില്യംസണിന്റെയും കരിയറിലെ സുപ്രധാന മത്സരമാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്നത്. ഇരുവരും കരിയറിലെ 100ാം ടെസ്റ്റ് മത്സരത്തിനാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

എന്നാല്‍ ഈ മത്സരത്തില്‍ ഒരു മോശം റെക്കോഡാണ് ന്യൂസിലാന്‍ഡിനെ തേടിയെത്തിയിരിക്കുന്നത്. ഹെഗ്ലി ഓവലില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും ചെറിയ ടെസ്റ്റ് ഇന്നിങ്‌സ് ടോട്ടല്‍ എന്ന മോശം റെക്കോഡാണ് പിറന്നത്.

ജോഷ് ഹെയ്‌സല്‍വുഡിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ കരുത്തിലാണ് ഓസീസ് കിവികളെ എറിഞ്ഞിട്ടത്. നാല് മെയ്ഡന്‍ അടക്കം 13.2 ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

ടോം ലാഥം, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മാറ്റ് ഹെന്‍ റി എന്നിവരെ പുറത്താക്കിയാണ് ഹെയ്‌സല്‍വുഡ് ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

ഹെയ്‌സല്‍വുഡിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നായകന്‍ പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 124ന് നാല് എന്ന നിലയിലാണ്. 80 പന്തില്‍ 45 റണ്‍സുമായി മാര്‍നസ് ലബുഷാനും എട്ട് പന്തില്‍ ഒരു റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍.

സ്റ്റീവ് സ്മിത് (24 പന്തില്‍ 11), ഉസ്മാന്‍ ഖവാജ (25 പന്തില്‍ 16), കാമറൂണ്‍ ഗ്രീന്‍ (40 പന്തില്‍ 21), ട്രാവിസ് ഹെഡ് (19 പന്തില്‍ 21) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പകരക്കാരനായി എത്തിയ ബെന്‍ സീര്‍സാണ് നാലാം വിക്കറ്റ് നേടിയത്.

Content highlight: New Zealand vs Australia, NZ register their lowest total in Hagley Oval

We use cookies to give you the best possible experience. Learn more