ഇതിഹാസം തിരിച്ചുവരില്ല, ആ പ്രതീക്ഷയും അറ്റു; അവസാന ടെസ്റ്റ് മാര്‍ച്ച് എട്ടിന്
Sports News
ഇതിഹാസം തിരിച്ചുവരില്ല, ആ പ്രതീക്ഷയും അറ്റു; അവസാന ടെസ്റ്റ് മാര്‍ച്ച് എട്ടിന്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 12:30 pm

 

ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള രണ്ടാം ടെസ്റ്റില്‍ വില്‍ ഒ റൂര്‍കിന് പകരം ബെന്‍ സീര്‍സ് ബ്ലാക് ക്യാപ്‌സിന്റെ ഭാഗമാകും. മാര്‍ച്ച് എട്ടിന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനാണ് കിവികള്‍ സീര്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മത്സരത്തില്‍ ഇതിഹാസ താരം നീല്‍ വാഗ്നര്‍ മടങ്ങിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസീസിനെതിരായ സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്നതിന് പിന്നാലെ പരമ്പരക്ക് മുമ്പ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വിരമിക്കല്‍ പിന്‍വലിച്ച് താരം തിരിച്ചുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. വാഗ്നറിന്റെ മടങ്ങി വരവിനെ കുറിച്ച് ക്യാപ്റ്റന്‍ ടിം സൗത്തിയും സൂചനകളും നല്‍കിയിരുന്നു.

ആദ്യ മത്സരത്തില്‍ 172 റണ്‍സിന്റെ പടുകൂറ്റന്‍ പരാജയമേറ്റുവാങ്ങിയതും വാഗ്നറിനെ മടക്കിക്കൊണ്ടുവരാന്‍ ന്യൂസിലാന്‍ഡിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാഗ്നറിനെ തിരികെ ടീമിലെത്തിക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും അതിന് ശ്രമിക്കണെന്നായിരുന്നു ഈ റിപ്പോര്‍ട്ടുകളോട് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പ്രതികരിച്ചത്. ലോകത്തിലെ ഏറ്റവും ചെറിയ വിരമിക്കല്‍ എന്നാണ് കമ്മിന്‍സ് ഇതിനെ വിശേഷിപ്പിച്ചത്.

‘ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിരമിക്കല്‍. എന്തുകൊണ്ട് അത് ചെയ്തുകൂടാ? അവനാണ് നിങ്ങളുടെ അടുത്ത മികച്ച ബൗളറെങ്കില്‍ തീര്‍ച്ചയായും അവനെ കൊണ്ടുവരാന്‍ ശ്രമിക്കൂ,’ എന്നാണ് കമ്മിന്‍സ് അഭിപ്രായപ്പെട്ടത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാമറൂണ്‍ ഗ്രീനും നഥാന്‍ ലിയോണും ചേര്‍ന്നാണ് കങ്കാരുക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ കാമറൂണ്‍ ഗ്രീനിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ 383 റണ്‍സ് നേടി. 275 പന്ത് നേരിട്ട് പുറത്താകാതെ 175 റണ്‍സാണ് ഗ്രീന്‍ സ്വന്തമാക്കിയത്.

 

ആദ്യ ഇന്നിങ്സിനിറങ്ങിയ ന്യൂസിലാന്‍ഡിന് മുമ്പില്‍ നഥാന്‍ ലിയോണ്‍ തന്റെ മാന്ത്രികത പുറത്തെടുത്തതോടെ കിവീസ് 179ന് ഓള്‍ ഔട്ടായി. നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്സില്‍ നഥാന്‍ ലിയോണ്‍ ന്യൂസിലാന്‍ഡിനോട് ചെയ്തതെന്തോ അത് ഓസീസിന്റെ രണ്ടാം ഇന്നിങ്സില്‍ ഗ്ലെന്‍ ഫിലിപ്സ് തിരിച്ചുചെയ്തപ്പോള്‍ സന്ദര്‍ശകര്‍ നിന്നുവിറച്ചു. ഫിലിപ്സ് ഫൈഫറുമായി തിളങ്ങിയപ്പോള്‍ 164ന് ഓസീസ് പുറത്തായത്.

369 റണ്‍സിന്റെ വിജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലാന്‍ഡിന് മുമ്പില്‍ നഥാന്‍ ലിയോണ്‍ വീണ്ടും അവതരിച്ചു. ആറ് വിക്കറ്റ് നേടിയാണ് താരം തരംഗമായത്. ഒടുവില്‍ 169 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.

ഈ വിജയത്തിന് പിന്നാലെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഓസ്ട്രേലിയക്കായി. മാര്‍ച്ച് എട്ടിനാണ് പരമ്പരയിലെ അവസാന മത്സരം. ഹെഗ്ലി ഓവലാണ് വേദി.

 

Content highlight: New Zealand vs Australia; Neil Wagner will not play in 2nd test