| Monday, 4th March 2024, 11:25 am

എന്തൊരു മനുഷ്യനാടോ... ബാറ്റെടുത്തപ്പോള്‍ സെഞ്ച്വറി, പന്തെടുത്തപ്പോള്‍ ഫൈഫര്‍, കീപ്പറായപ്പോള്‍ സ്റ്റംപിങ്, ഒറിജനല്‍ 4D പ്ലെയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ 172 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് കിവികള്‍ക്ക് നേരിടേണ്ടി വന്നത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ ബൗളിങ് പ്രകടനമാണ് ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയാണ് ഗ്ലെന്‍ ഫിലിപ്‌സ് തിളങ്ങിയത്.

നാല് മെയ്ഡന്‍ ഓവറുകളടക്കം 16 ഓവര്‍ പന്തെറിഞ്ഞ് 45 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. ഇസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി എന്നിവരെയാണ് കരിയറിലെ ആദ്യ ഫൈഫര്‍ നേട്ടത്തിനായി ഗ്ലെന്‍ ഫിലിപ്‌സ് പുറത്താക്കിയത്.

ഇതിന് പിന്നാലെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അത്യപൂര്‍വ നേട്ടവും ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റര്‍ എന്ന നിലയില്‍ സെഞ്ച്വറിയും, ഫീല്‍ഡര്‍ എന്ന നിലയിലോ വിക്കറ്റ് കീപ്പര്‍ എന്ന നിലയിലോ ക്യാച്ചും ബൗളര്‍ എന്ന നിലയില്‍ ഫൈഫറും വിക്കറ്റ് കീപ്പറുടെ കീപ്പറുടെ റോളില്‍ സ്റ്റംപിങ്ങുമുള്ള ചരിത്രത്തിലെ മൂന്നാം താരം എന്ന നേട്ടമാണ് ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തമാക്കിയത്.

ജോണ്‍ റീഡ്, ജിമ്മി ആദംസ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

അന്താരാഷ്ട്ര തലത്തില്‍ രണ്ട് സെഞ്ച്വറിയാണ് ഗ്ലെന്‍ ഫിലിപ്‌സിന്റെ പേരിലുള്ളത്. ടി-20യിലാണ് ഈ രണ്ട് സെഞ്ച്വറി നേട്ടങ്ങളും ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം സ്വന്തമാക്കിയത്. സെഞ്ച്വറി കണക്കിലെന്ന പോലെ രണ്ട് സ്റ്റംപിങ്ങാണ് ഗ്ലെന്‍ ഫിലിപ്‌സ് നടത്തിയതും. ഇതും ടി-20യില്‍ തന്നെയാണ്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 68 ക്യാച്ചുകള്‍ സ്വന്തമാക്കിയ ഗ്ലെന്‍ ഫിലിപ്‌സ് ടെസ്റ്റിലാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഒരു ഫോര്‍ഫറും താരത്തിന്റെ പേരിലുണ്ട്.

അതേസമയം, ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയിലെത്തിക്കാനാണ് ന്യൂസിലാന്‍ഡ് ഒരുങ്ങുന്നത്. രണ്ടാം മത്സരത്തിലും ഫിലിപ്‌സിന് ഈ മാജിക് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ കിവികള്‍ക്ക് തുണയാകും.

Content Highlight: New Zealand vs Australia; Glen Philips with a unique record

We use cookies to give you the best possible experience. Learn more