21ാം നൂറ്റാണ്ടില്‍ ഇതാദ്യം;ടെസ്റ്റിന്റെ അഞ്ച് ദിവസത്തില്‍ ഒരു പന്ത് പോലും എറിഞ്ഞില്ല
Sports News
21ാം നൂറ്റാണ്ടില്‍ ഇതാദ്യം;ടെസ്റ്റിന്റെ അഞ്ച് ദിവസത്തില്‍ ഒരു പന്ത് പോലും എറിഞ്ഞില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th September 2024, 10:40 am

ഗ്രേറ്റര്‍ നോയ്ഡയില്‍ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍ – ന്യൂസിലാന്‍ഡ് വണ്‍ ഓഫ് ടെസ്റ്റ് ഉപേക്ഷിച്ചു. മോശം കാലാവസ്ഥ മൂലം ഒറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചിരിക്കുന്നത്.

1998ന് ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റ് ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്നത്. അന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരമാണ് ഇത്തരത്തില്‍ ഉപേക്ഷിച്ചത്.

അഫ്ഗാന്‍-ന്യൂസിലാന്‍ഡ് മത്സരത്തില്‍ ടോസ് പോലും പൂര്‍ത്തിയാക്കിയിരുന്നില്ല. ആദ്യ ദിവസം മുതല്‍ ആരംഭിച്ച മഴ മാച്ചിന് തടസ്സമായി. പിച്ചും ഔട്ട്ഫീല്‍ഡും മത്സരത്തിന് സജ്ജമല്ലാത്തിനാല്‍ ഓരോ ദിവസവും അന്നത്തെ മത്സരം ഉപേക്ഷിക്കാന്‍ മാച്ച് റഫറി നിര്‍ബന്ധിതനാവുകയായിരുന്നു.

ഒടുവില്‍ അഞ്ചാം ദിവസവും കാലാവസ്ഥ പ്രതികൂലമായപ്പോള്‍ ഒറ്റ പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു.

അതേസമയം, ന്യൂസിലാന്‍ഡ് തങ്ങളുടെ അടുത്ത ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ്. ശ്രീലങ്കക്കെതിരെ അവരുടെ തട്ടകത്തിലെത്തിയാണ് ന്യൂസിലാന്‍ഡ് കളിക്കുക. നാളെ ടീം ശ്രീലങ്കയിലേക്ക് പറക്കുമെന്നാണ് ക്രിക്കറ്റ് ന്യൂസിലാന്‍ഡ് വ്യക്തമാക്കുന്നത്.

രണ്ട് ടെസ്റ്റും ഒരു ടി-20യുമാണ് ന്യൂസിലാന്‍ഡ് ശ്രീലങ്കയില്‍ കളിക്കുക.

സെപ്റ്റംബര്‍ 18നാണ് ശ്രീലങ്ക – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഗല്ലെയാണ് വേദി.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലാന്‍ഡ് സ്‌ക്വാഡ്

ഡെവോണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ടോം ലാഥം (വിക്കറ്റ് കീപ്പര്‍), അജാസ് പട്ടേല്‍, ബെന്‍ സീര്‍സ്, മാറ്റ് ഹെന്റി, ടിം സൗത്തി (ക്യാപ്റ്റന്‍), വില്‍ ഒ റൂര്‍ക്.

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയാണ് അഫ്ഗാനിസ്ഥാന് മുമ്പിലുള്ളത്. കഴിഞ്ഞ ദിവസം പരമ്പരക്കുള്ള സ്‌ക്വാഡും അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.

ഹസ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തില്‍ 17 അംഗ സ്‌ക്വാഡിനെയാണ് അഫ്ഗാനിസ്ഥാന്‍ സൗത്ത് ആഫ്രിക്ക കീഴടക്കാന്‍ അയക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദിയാകുന്നത്. സെപ്റ്റംബര്‍ 18നാണ് പരമ്പരയിലെ ആദ്യ മത്സരം.

സൗത്ത് ആഫ്രിക്കക്കെതിരായ അഫ്ഗാന്‍ സ്‌ക്വാഡ്

ഹസ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍). റഹ്‌മത് ഷാ, അബ്ദുള്‍ മാലിക്, റിയാസ് ഹസന്‍, ഡാര്‍വിഷ് റസൂലി, ഇക്രം അലിഖില്‍, ഗുല്‍ബദീന്‍ നയീബ്, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ്, റാഷിദ് ഖാന്‍, നന്‍ഗ്യാല്‍ ഖരോടി, ആം ഖസാന്‍ഫര്‍, ഫസല്‍ ഹഖ് ഫാറൂഖി, ഫരീദ് മാലിക്, നവീദ് സദ്രാന്‍, ബിലാല്‍ സാമി.

 

Content Highlight: New Zealand vs Afghanistan test called off without a single ball bowled