വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സെമി ഓട്ടോമാറ്റിക് തോക്കുകള്‍ നിരോധിക്കാനുള്ള ബില്‍ ന്യൂസിലാന്‍ഡ് എം.പിമാര്‍ പാസാക്കി. പാര്‍ലെമെന്റില്‍ ഒരംഗം എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ബാക്കി 119 പേരും ബില്ലിനെ അനുകൂലിച്ചു.
ഗവര്‍ണര്‍ ജനറലില്‍ നിന്നും അനുമതി കിട്ടിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരും.
തോക്കുകള്‍ യഥേഷ്ടം ലഭിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇനി ന്യൂസിലാന്‍ഡ് വേര്‍പെട്ട് നില്‍ക്കുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസിന്റ ആര്‍ഡണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് പിന്നാലെ ജെസിന്റ ആര്‍ഡണാണ് നിയമം പരിഷ്‌ക്കരിക്കാന്‍ മുന്‍കൈയെടുത്തത്.
അക്രമിയായ ബ്രെന്റണ്‍ ടാരന്റിന് തോക്ക് ലഭിച്ചത് നിയമവിധേയമായിട്ടാണെന്ന് സംഭവം നടന്നയുടനെ പൊലീസ് അറിയിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് നിയമം മാറ്റാന്‍ തീരുമാനമെടുത്തതെന്നും ജെസിന്റ പറഞ്ഞു. ആക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്ത് തോക്കുകള്‍ക്ക് താത്ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരുന്നു.
ന്യൂസിലാന്റിലെ 250,000 ജനങ്ങളുടെ കൈകളിലായി 1.5 മില്ല്യണ്‍ ആയുധങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് 15നാണ് വംശീയവാദിയായ ബ്രെന്റണ്‍ ടാരന്റ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ വെടിവെയ്പ് നടത്തിയത്. ജൂണ്‍ 14 വരെ കസ്റ്റഡിയില്‍ വെക്കാന്‍ ന്യൂസിലാന്‍ഡ് കോടോതി ഉത്തരവിട്ടിരുന്നു.