ഡാ... നീ ക്രീസില്‍ നില്‍ക്കെടാ... വൈറലായി ന്യൂസിലാന്‍ഡിന്റെ സ്‌മൈലിങ് വാണിങ്
Sports News
ഡാ... നീ ക്രീസില്‍ നില്‍ക്കെടാ... വൈറലായി ന്യൂസിലാന്‍ഡിന്റെ സ്‌മൈലിങ് വാണിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th November 2023, 5:36 pm

ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് സില്‍ഹെറ്റ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിനാണ് സില്‍ഹെറ്റ് വേദിയാകുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

ബംഗ്ലാദേശ് ബാറ്റര്‍ മോമിനുല്‍ ഹഖിനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ പുറത്താക്കാനുള്ള അവസരം കൈവന്നിട്ടും വാണിങ് നല്‍കിയ അജാസ് പട്ടേലിന്റെ പ്രവൃത്തിയാണ് ചര്‍ച്ചയാകുന്നത്.

39ാം ഓവറിലായിരുന്നു സംഭവം. അജാസ് പന്തെറിയുന്നതിന് മുമ്പ് തന്നെ മോമിനുല്‍ ഹഖ് ക്രീസ് വിട്ട് പുറത്തിറങ്ങിയിരുന്നു. ഇതുകണ്ട അജാസ് പന്തെറിയാതെ ചിരിച്ചുകൊണ്ട് ബംഗ്ലാ ബാറ്ററോട് ക്രീസില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

അതേസമയം, ആദ്യ ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ബംഗ്ലാദേശ് 85 ഓവറില്‍ ഒമ്പത് വിക്കറ്റിന് 310 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ മഹ്‌മുദുല്‍ ഹസന്‍ ജോയ്‌യുടെ അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് ആദ്യ ദിവസം തുണയായത്.

166 പന്തില്‍ 11 ബൗണ്ടറിയുടെ അകമ്പടിയോടെ 86 റണ്‍സാണ് ജോയ് നേടിയത്. 37 റണ്‍സ് വീതം നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും മോമിനുല്‍ ഹഖുമാണ് ബംഗ്ലാദേശിന്റെ മറ്റ് സ്‌കോറര്‍മാര്‍.

ന്യൂസിലാന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് 16 ഓവര്‍ പന്തെറിഞ്ഞ് നാല് വിക്കറ്റ് വീഴ്ത്തി. 3.31 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ ഗ്ലെന്‍ ഫിലിപ്‌സ് 53 റണ്‍സാണ് വഴങ്ങിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, മോമിനുല്‍ ഹഖ്, ഷഹാദത് ഹൊസൈന്‍, നൂറുല്‍ ഹസന്‍ എന്നിവരെയാണ് ഫിലിപ്‌സ് മടക്കിയത്.

കൈല്‍ ജാമിസണും അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇഷ് സോധിയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

21 പന്തില്‍ എട്ട് റണ്‍സുമായി തൈജുല്‍ ഇസ്‌ലാമും എട്ട് പന്തില്‍ 13 റണ്‍സുമായി ഷോരിഫുള്‍ ഇസ്‌ലാമുമാണ് ആദ്യ ദിവസമവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനായി ക്രീസില്‍.

 

 

Content highlight: New Zealand tour of Bangladesh, Ajaz Patel warns Mominul Haq for non-striker runout