| Tuesday, 27th February 2024, 11:36 am

പൊട്ടിക്കരഞ്ഞു, മടക്കം കണ്ണീരോടെ; ന്യൂസിലാന്‍ഡിനെ ലോകകീരടമണിയിച്ചവന്‍ ക്രിക്കറ്റ് മതിയാക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം നീല്‍ വാഗ്നര്‍. വ്യാഴാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കില്ലെന്ന് മനസിലായതോടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ 12 വര്‍ഷത്തെ ടെസ്റ്റ് കരിയറാണ് അവസാനിക്കുന്നത്.

2012ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വാഗ്നര്‍ അവരുടെ പല നിര്‍ണായക വിജയങ്ങളിലും പങ്കാളിയായിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സൈക്കിളില്‍ ന്യൂസിലാന്‍ഡിനെ കിരീടമണിയിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്. ഫൈനലില്‍ ഇന്ത്യക്കെതിരായ മത്സരത്തിലും താരം തിളങ്ങിയിരുന്നു.

”ഇത് ഒരു വൈകാരിക നിമിഷമാണ്. ഞാന്‍ ഒരുപാട് സ്‌നേഹിച്ച ഫോര്‍മാറ്റില്‍ നിന്നു. മാറി നില്‍ക്കുന്നത് ഒട്ടും എളുപ്പമല്ല. ബ്ലാക്ക് ക്യാപ്‌സിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു, ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞ നേട്ടങ്ങളില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു,’ താരം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബേസിന്‍ റിസര്‍വില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെതിരെ ഒരു റണ്ണിന് തോല്‍പ്പിച്ച മത്സരത്തിലാണ് വാഗ്‌നറുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന് പിറന്നത്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അവസാന വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റാണ് വാഗ്നറിന്റെ പന്തില്‍ പിറന്നത്.

ന്യൂസിലാന്‍ഡിനായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമാണ് താരം കളിച്ചത്. 64 മത്സരത്തിലെ 122 ഇന്നിങ്‌സില്‍ നിന്നുമായി 27.27 ശരാശരിയിലും 52.7 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 260 വിക്കറ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 13 തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ വാഗ്നര്‍ ഒമ്പത് ഫൈഫറും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇതിഹാസ തുല്യനായ വാഗ്നര്‍ 205 മത്സരത്തില്‍ നിന്നും 821 വിക്കറ്റാണ് നേടിയത്. 27.16 എന്ന ശരാശരിയിലും 51.0 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം 47 തവണയാണ് ഫസ്റ്റ് ക്ലാസില്‍ ഫോര്‍ഫര്‍ നേടിയത്. 36 ഫൈഫറും രണ്ട് ടെന്‍ഫറും ഫസ്റ്റ് ക്ലാസില്‍ വാഗ്നര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.

അതേസമയം, അന്താരാഷ്ട്ര തലത്തില്‍ നിന്നും പടിയിറങ്ങിയെങ്കിലും ആഭ്യന്തര തലത്തില്‍ സജീവമായി തന്നെ തുടരുമെന്ന സൂചനയും താരം നല്‍കുന്നുണ്ട്. ന്യൂസിലാന്‍ഡില്‍ നോര്‍തേണ്‍ ഡിസ്ട്രിക്ടിന്റെ താരമായ വാഗ്നര്‍ കൗണ്ടിയില്‍ ലങ്കാഷെയറിന് വേണ്ടിയും പന്തെറിഞ്ഞിട്ടുണ്ട്.

Content highlight: New Zealand star Neil Wagner announces retirement

We use cookies to give you the best possible experience. Learn more