| Tuesday, 11th October 2022, 8:40 pm

ഹിന്ദിയില്‍ അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താമെന്നാണ് കരുതിയത്, പക്ഷേ സഞ്ജു തമിഴില്‍ നിര്‍ദേശങ്ങള്‍ കൈമാറി ഞങ്ങളെ തളര്‍ത്തി; തുറന്ന് പറഞ്ഞ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കളത്തില്‍ സ്വന്തം തന്ത്രങ്ങള്‍ കൃത്യമായി നടപ്പിലാക്കുക എന്നതുപോലെ പ്രധാനമാണ് എതിര്‍ ടീമിന്റെ സ്ട്രാറ്റജികള്‍ മനസിലാക്കുക എന്നതും. എതിര്‍ ടീം അംഗങ്ങള്‍ ആശയവിനിമയം നടത്തുന്നത് തിരിച്ചറിയാന്‍ സാധിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്.

ഹിന്ദിയില്‍ സംസാരിച്ചാണ് ഇന്ത്യന്‍ ടീം ഇതിനെ മറികടക്കുന്നത്. എങ്ങനെ ബൗള്‍ ചെയ്യണമെന്നതും ഏത് രീതിയില്‍ ഫീല്‍ഡ് പ്ലേസ് ചെയ്യണമെന്ന ചര്‍ച്ചകളെല്ലാം തന്നെ ഇന്ത്യന്‍ ടീം ഹിന്ദിയിലാണ് നടത്താറുള്ളത്.

എന്നാല്‍ ഈ ഹിന്ദിയെ മറികടക്കാന്‍ മറ്റ് ടീമുകള്‍ കാര്യമായ ഹിന്ദി വാക്കുകളെല്ലാം തന്നെ പഠിച്ചുവെക്കാറുമുണ്ട്. വിദേശ ടീമിലെ ഇന്ത്യന്‍ വംശജരായ താരങ്ങളുണ്ടെങ്കില്‍ ഇത് കുറച്ചുകൂടി എളുപ്പമാവുകയും ചെയ്യും

ഉദാഹരണത്തിന് ന്യൂസിലാന്‍ഡിന്റെ ഇഷ് സോധിക്ക് മുമ്പില്‍ ഇന്ത്യയുടെ ഹിന്ദി ട്രിക്ക് വര്‍ക്ക് ആകില്ല. കളിക്കുന്നത് ന്യൂസിലാന്‍ഡിന് വേണ്ടിയാണെങ്കിലും താരത്തിന്റെ വേരുകള്‍ ചെന്നെത്തി നില്‍ക്കുന്നത് പഞ്ചാബിലാണ്.

എന്നാല്‍ ഒരു മത്സരത്തിനിടെ തനിക്ക് ഹിന്ദി അറിയാം എന്ന് എതിര്‍ ടീം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ്‍ മനസിലാക്കിയെന്നും അതിനെ മറികടക്കാന്‍ തമിഴില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഇഷ് സോധി.

പ്രൈം സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇഷ് സോധി ഇക്കാര്യം പറഞ്ഞത്.

‘സഞ്ജു സാംസണ്‍ തമിഴ് സംസാരിക്കാന്‍ തുടങ്ങി. ഇതോടെ ഞാന്‍ അല്‍പം അസ്വസ്ഥനായി. കാരണം ഇവര്‍ ഹിന്ദിയില്‍ പറയുന്നതെല്ലാം തന്നെ മനസിലാക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. പക്ഷേ ഇത് വളരെ വ്യത്യസ്തമായ ഒരു അവസ്ഥയായിരുന്നു,’ ഇഷ് സോധി പറയുന്നു.

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിനൊപ്പം കുറച്ചു സീസണില്‍ കളിക്കാനും സോധിക്കായിരുന്നു.

സഞ്ജു മാത്രമല്ല, മറ്റ് താരങ്ങളെല്ലാം തന്നെ തനിക്ക് മനസിലാവാതിരിക്കാന്‍ ഹിന്ദിക്ക് പകരം മറാത്തി, ഗുജറാത്തി പോലുള്ള ഭാഷയിലാണ് സംസാരിക്കാറുള്ളതെന്നും ഇഷ് സോധി പറയുന്നു.

പഞ്ചാബിലെ ലുധിയാനയിലാണ് ഇഷ് സോധി ജനിച്ചത്. താരത്തിന് നാല് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ന്യൂസിലാന്‍ഡിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു.

View this post on Instagram

A post shared by ICC (@icc)

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ താരങ്ങളില്‍ പ്രധാനിയാണ് ഇഷ് സോധി. മികച്ച രീതിയില്‍ പന്തെറിയുന്ന ഇഷ് സോധിക്ക് ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ട്രാക്ക് റെക്കോഡാണുള്ളത്. ഇന്ത്യക്കെതിരെ നടന്ന 20 ടി-20 മത്സരത്തില്‍ നിന്നും 20 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

വരാനിരിക്കുന്ന ലോകകപ്പിലും ബ്ലാക്ക് ക്യാപ്‌സിന്റെ ഏയ്‌സാവാനാണ് താരം ഒരുങ്ങുന്നത്.

Content Highlight: New Zealand star Ish Sodhi about Sanju Samson speaking in Tamil to get over him

We use cookies to give you the best possible experience. Learn more