| Monday, 21st November 2022, 11:48 am

'അടുത്ത മാച്ചിന് വരാന്‍ പറ്റില്ല, ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു'; ഇന്ത്യയുമായുള്ള നിര്‍ണായക മാച്ചില്‍ ഒഴിവായി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞു കൊണ്ടാണ് ഞായറാഴ്ച നടന്ന ടി-20 മാച്ചില്‍ ഇന്ത്യ ജയിച്ചു കയറിയത്. ടി-20 ഫോര്‍മാറ്റിന്റെ ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇരു ടീമും ബേ ഓവലില്‍ കളത്തിലിറങ്ങിയത്.

എന്നാല്‍ സൂര്യകുമാര്‍ എന്ന മലവെള്ളപ്പാച്ചിലില്‍ കിവി പക്ഷികള്‍ ഒലിച്ചു പോവുകയായിരുന്നു. 51 പന്തില്‍ നിന്നും 111 റണ്‍സുമായി ഇന്നിങ്‌സിനെ മുന്നില്‍ നിന്നും നയിച്ച താരത്തിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സായിരുന്നു നേടിയത്.

192 റണ്‍സ് വിജയലക്ഷ്യമാക്കിയിറങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലന്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

കിവീസിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 52 പന്തില്‍ നിന്നും 61 റണ്‍സ് നേടിയിരുന്നു. എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതോടെ ന്യൂസിലാന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 18.5 ഓവറില്‍ 126 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.

ടി-20 ലോകകപ്പിലടക്കം അടുത്ത കാലത്തായി ഫോമില്ലായ്മ തുടരുന്ന കെയ്ന്‍ വില്യംസണ്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത മത്സരം കൂടിയായിരുന്ന കഴിഞ്ഞ ദിവസത്തേത്. ഒരു ക്യാപ്റ്റന്റെ ആത്മവിശ്വാസത്തോടെ ടീമിനെ തോല്‍വിയില്‍ നിന്നും കരകയറ്റാനും അദ്ദേഹം ശ്രമിച്ചു.

പക്ഷെ പരമ്പരയിലെ നിര്‍ണായകമായ അടുത്ത മാച്ചില്‍ കെയ്ന്‍ വില്യംസണ്‍ കളിക്കില്ല. മാച്ച് നടക്കുന്ന നവംബര്‍ 22ന് നേരത്തെ നിശ്ചയിച്ച മെഡിക്കല്‍ അപ്പോയ്ന്‍മെന്റ് ഉള്ളതിനാലാണ് അദ്ദേഹത്തിന് ഒഴിവാകേണ്ടി വന്നത്.

‘കെയ്ന്‍ കുറച്ചധികം നാളായി ഈ ഒരു മെഡിക്കല്‍ അപ്പോയ്ന്‍മെന്റിന് വേണ്ടി ശ്രമിക്കുന്നു. പക്ഷെ നമ്മുടെ ഷെഡ്യൂളില്‍ സെറ്റായില്ല. കളിക്കാരുടെ ആരോഗ്യം തന്നെയാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓക്ക്‌ലാന്‍ഡില്‍ അദ്ദേഹം ടീമിനൊപ്പം ചേരും,’ ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.

കെയ്‌ന്റെ കൈമുട്ടിനേറ്റ പരിക്കുമായി ബന്ധപ്പെട്ടല്ല മെഡിക്കല്‍ പരിശോധനക്ക് പോകുന്നതെന്നും ഗാരി സ്റ്റെഡ് കൂട്ടിച്ചേര്‍ത്തു.

ഓക്ക്‌ലാന്‍ഡില്‍ വെച്ചാണ് സീരിസിലെ ഏകദിന മാച്ചുകള്‍ നടക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള സീരിസിലെ ആദ്യ മാച്ച് വെള്ളിയാഴ്ച നടക്കും.

Content Highlight: New Zealand Skipper Kane Williamson will not play in the 3rd T20 match against India

We use cookies to give you the best possible experience. Learn more