2022ലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കി ന്യൂസിലാന്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വേ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കോണ്‍വേ സെഞ്ച്വറിയടിച്ച് പുതുവത്സരം ആഘോഷിച്ചത്.
മൂന്നാമനായിറങ്ങിയ കോണ്‍വേ 227 പന്ത് നേരിട്ട് 122 റണ്‍സ് നേടി പുറത്താകുകയായിരുന്നു.
ടോസ് നേടി ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ച ബംഗ്ലാദേശിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലുള്ള തുടക്കമായിരുന്നു അവര്‍ക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കുമ്പോഴേക്കും ക്യാപ്റ്റന്‍ ടോം ലഥാം പുറത്തായിരുന്നു. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ കോണ്‍വേ വില്‍ യങ്ങിനെ കൂട്ടുപിടിച്ച് ന്യൂസിലാന്റ് ഇന്നിംഗ്സ് പടത്തുയര്‍ത്തുകയായിരുന്നു.
138 റണ്ണുകളാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും കൂടിച്ചേര്‍ത്തത്. 52 റണ്‍സ് എടുത്ത് യങ്ങ് മടങ്ങിയെങ്കിലും റോസ് ടെയ്ലറെയും ഹെന്റി നിക്കോള്‍സിനെയും കൂട്ടുപിടിച്ച് കോണ്‍വേ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. കോണ്‍വേയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്റ്.
2020ലാണ് 30 വയസുകാരന്‍ കോണ്‍വേ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. കേവലം 4 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കോണ്‍വേയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരം കിവീസിന്റെ മികച്ച സമ്പാദ്യമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.