അട്ടിമറി പ്രതീക്ഷിച്ചു; അഫ്ഗാനെ വിറപ്പിച്ച് കിവീസ് ബാറ്റിങ്
ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാൻ മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ന്യൂസിലാൻഡ് ബാറ്റിങ് നിരയിലെ മൂന്ന് ബാറ്റർമാർ അർധശതകം കടന്നപ്പോൾ 50 ഓവറിൽ കിവീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണ് അഫ്ഗാനെതിരെ പടുത്തുയർത്തിയത്.
വില്ലി യങ്, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 80 പന്തിൽ 71 റൺസ് നേടികൊണ്ടായിരുന്നു ഫിലിപ്സിന്റെ വെടികെട്ട് ഇന്നിങ്‌സ്. നാല് സിക്സറുകളുടെയും നാല് ഫോറുകളുടെയും അകംപടിയോടെയായിരുന്നു താരത്തിന്റ അവിസ്മരണീയമായ ഇന്നിങ്‌സ്.
ഫിലിപ്സിനൊപ്പം 74 പന്തിൽ 68 റൺസുമായി ടോം ലാതവും, 64 പന്തിൽ 54 റൺസുമായി വില്ലി യങ്ങും മിന്നും പ്രകടനം നടത്തിയപ്പോൾ കിവീസ് മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.
മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടെയായിരുന്നു ലാതത്തിന്റെ ഇന്നിങ്സ്. നാല് ഫോറുകളും മൂന്ന് സിക്സറുകളും നിറഞ്ഞതായിരുന്നു യങ്ങിന്റെ ഇന്നിങ്‌സ്.
നവീൻ ഉൾ ഹഖും അസ്മത്തുളളയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
തുടർച്ചയായ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടായിരുന്നു കിവീസിന്റെ കുതിപ്പ് . എന്നാൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു അഫ്ഗാന്റെ തിരിച്ചു വരവ്.
Content Highlight: New zealand scored a good total for three players are scored fifty.