ന്യൂസിലാൻഡ് പാർലമെന്റിന്റെ 170 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എം.പി. 21 കാരിയായ ഹന രോഹിതി ക്ലാർക്കെ പാർലമെന്റിൽ നടത്തിയ കന്നി പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മവോരി ഗോത്രത്തിന്റെ ‘യുദ്ധ വിളി’ നടത്തുന്ന ഹാക്കായിലൂടെ തന്റെ ഗോത്രത്തിന്റെ പാരമ്പര്യം ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് ഹന.
വെല്ലിങ്ടൺ: ന്യൂസിലാൻഡ് പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഹന റോഹിതി മൈപി ക്ലാർക്കിന്റെ കന്നി പ്രസംഗം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു.
മവോരി ഗോത്ര വിഭാഗത്തിൽ നിന്നുള്ള 21 കാരിയായ ഹന തന്റെ വേരുകൾക്ക് ആദരമർപ്പിച്ചുകൊണ്ട് ഗോത്രത്തിന്റെ യുദ്ധ വിളി നടത്തുന്ന ‘ഹാക്ക’ പാർലമെന്റിൽ അവതരിപ്പിച്ചു.
ന്യൂസിലാൻഡ് പാർലമെന്റിന്റെ 170 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എം.പിയാണ് ഹന.
തന്റെ കന്നി പ്രസംഗത്തിൽ ജനങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് ‘ഞാൻ നിങ്ങൾക്ക് വേണ്ടി മരിക്കും, പക്ഷേ ഞാൻ നിങ്ങൾക്ക് വേണ്ടി ജീവിക്കും’ എന്ന് ഹാക്കയിലൂടെ പറഞ്ഞു.
താൻ ഒരു പരമ്പരാഗത രാഷ്ട്രീയക്കാരി അല്ല എന്ന് വ്യക്തമാക്കുന്ന ഹന മാവോരി ഭാഷയും നാടും പരമ്പരാഗത അറിവുകളും സംരക്ഷിക്കുക എന്നതാണ് തന്റെ കർത്തവ്യമെന്ന് വിശ്വസിക്കുന്നു.
പുതിയ തലമുറയുടെ മാവോരി ശബ്ദങ്ങൾ കേൾക്കേണ്ടതുണ്ട് എന്ന് അവർ വിശ്വസിക്കുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.
മവോരി എന്ന ഗോത്ര വിഭാഗം അനുവർത്തിക്കുന്ന പ്രത്യേക നൃത്തരൂപമാണ് ഹാക്ക. യുദ്ധത്തിന് മുന്നോടിയായി ഹാക്ക അവതരിപ്പിച്ചില്ലെങ്കിൽ യുദ്ധത്തിന്റെ വിജയത്തിന് വിപരീതഫലമുണ്ടാകുമെന്നാണ് മവോരി ജനതയുടെ വിശ്വാസം. എന്തിനും തയ്യാറാണെന്ന് എതിരാളികളെ അറിയിക്കുക കൂടിയാണ് ലക്ഷ്യം.
ന്യൂസിലാൻഡിൽ കായിക മത്സരങ്ങൾക്ക് മുന്നോടിയായി ഹാക്ക കളിക്കാറുണ്ട്. ഓൾ ബ്ലാക്സ് എന്ന പേരുകേട്ട പുരുഷ റഗ്ബി പോരാളികളും ബ്ലാക്ക് ഫേൺസ് എന്ന സ്ത്രീകളുടെ റഗ്ബി ടീമും ആണ് എതിരാളികളെ വെല്ലുവിളിച്ചുകൊണ്ട് ഹാക്ക കളിക്കുന്നത്.
Content Highlight: New Zealand’s youngest MP performs native ‘war cry’ in Parliament