| Sunday, 22nd January 2023, 5:14 pm

പ്രധാനമന്ത്രിയായാല്‍ ഞാനുമൊരു പബ്ലിക് പ്രോപര്‍ട്ടിയായേക്കും പക്ഷെ എന്റെ കുടുംബം അങ്ങനെയല്ല; ജസീന്ത ആര്‍ഡേനെതിരായ വിമര്‍ശനങ്ങളില്‍ ക്രിസ് ഹിപ്കിന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജി പ്രഖ്യാപനത്തിന് പിന്നാലെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും കുടുംബത്തിനും നേരെ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കമുയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നിയുക്ത പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് (Chris Hipkins).

ആര്‍ഡേനെ പിന്തുണച്ചുകൊണ്ടാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയായും ലേബര്‍ പാര്‍ട്ടിയുടെ തലപ്പത്തേക്കും തെരഞ്ഞെടുക്കപ്പെട്ട ക്രിസ് ഹിപ്കിന്‍സിന്റെ പ്രതികരണം. രാജിക്ക് പിന്നാലെ ആര്‍ഡേനും കുടുംബത്തിനുമെതിരെയടക്കം വരുന്ന വ്യക്തിപരമായ ആക്രമണങ്ങളെ തള്ളിക്കൊണ്ടാണ് ഹിപ്കിന്‍സ് സംസാരിച്ചത്.

”ജസീന്തയോട്, നമ്മുടെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പെരുമാറിയ രീതി തീര്‍ത്തും വെറുപ്പുളവാക്കുന്നതാണ്. അവര്‍ ഒരു ചെറിയ ന്യൂനപക്ഷമാണ്. ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ എന്താണ് എന്നതിനെ ഇക്കൂട്ടര്‍ പ്രതിനിധീകരിക്കുന്നില്ല.

മനുഷ്യര്‍ എന്ന നിലയില്‍, ഇത്തരം പ്രതികരണങ്ങളെ തള്ളിക്കളയുകയും ‘ഇത് ശരിയല്ല’ എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം നമുക്കുണ്ട്,” എന്നാണ് ഹിപ്കിന്‍സ് പറയുന്നത്.

പ്രധാനമന്ത്രിയാകുന്നതോട് കൂടി ഒരു പബ്ലിക് പ്രോപര്‍ട്ടിയായി മാറുമെന്ന് താന്‍ മനസിലാക്കുന്നെന്നും എന്നാല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ അങ്ങനെയല്ലെന്നും ഹിപ്കിന്‍സ് നിലപാട് വ്യക്തമാക്കുന്നു.

”ജസീന്തക്കും അവരുടെ കുടുംബത്തിനും മേല്‍ ചുമത്തപ്പെട്ട വലിയ സമ്മര്‍ദ്ദം ഞാന്‍ കണ്ടു. അതുകൊണ്ട് തന്നെ എന്റെ കുടുംബത്തെ അത്തരമൊരു സ്‌പോട്ട്‌ലൈറ്റില്‍ നിന്നും അകറ്റിനിര്‍ത്തുക എന്നുള്ളതാണ് എന്റെ ഉത്തരവാദിത്തം,” എന്നും ഹിപ്കിന്‍സ് പറയുന്നു.

നിലവില്‍ വിദ്യാഭ്യാസം, പൊലീസിങ്, പബ്ലിക് സര്‍വീസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായ ഹിപ്കിന്‍സിനെ ശനിയാഴ്ചയായിരുന്നു അടുത്ത പ്രധാനമന്ത്രിയായി ലേബര്‍ പാര്‍ട്ടി എതിരില്ലാതെ നാമനിര്‍ദേശം ചെയ്തത്.

സമാധാനവും സ്ഥിരതയും ഉറപ്പുനല്‍കുന്ന നേതൃത്വം പ്രദാനം ചെയ്ത അവിശ്വസനീയമായ ഒരു പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആര്‍ഡേന്‍ എന്നും അത് താന്‍ തുടര്‍ന്ന് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹിപ്കിന്‍സ് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ജസീന്ത ആര്‍ഡേന്‍ തീര്‍ത്തും അപ്രതീക്ഷിതമായി തന്റെ രാജി പ്രഖ്യാപിച്ചത്.

ഈ വരുന്ന ഫെബ്രുവരി ഏഴ് ആയിരിക്കും അധികാരത്തിലെ തന്റെ അവസാന ദിവസമെന്നും ഇനി ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നുമാണ് ജസീന്ത പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്. വികാരഭരിതയായായിരുന്നു 42കാരിയായ ജസീന്ത ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

”ഈ ജോലി ബുദ്ധിമുട്ടേറിയത് കൊണ്ടല്ല ഞാന്‍ സ്ഥാനമൊഴിയുന്നത്. അതായിരുന്നു സാഹചര്യമെങ്കില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ടതായിരുന്നു.

ഇത്തരമൊരു പ്രത്യേക പദവിക്കൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങളും വരുന്നുണ്ട് എന്നതിനാലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. എപ്പോഴാണ് നിങ്ങള്‍ രാജ്യത്തെ നയിക്കാന്‍ ശരിയായ വ്യക്തി, എപ്പോഴാണ് അങ്ങനെ അല്ലാത്തത് എന്നറിയാനുള്ള ഉത്തരവാദിത്തം കൂടിയാണത്.

ഈ ജോലിക്ക് എന്തൊക്കെ ആവശ്യമുണ്ടെന്ന് എനിക്കറിയാം. അതിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ എനിക്കിനി സാധിക്കില്ലെന്നും എനിക്കറിയാം. കാര്യം അത്രയും ലളിതമാണ്,” എന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

കൊവിഡ് മഹാമാരിയും അഗ്നിപര്‍വത സ്‌ഫോടനവും ഭീകരാക്രമണവും പോലുള്ള പോലുള്ള ഗുരുതര വിഷയങ്ങളുണ്ടായ ഒരു സമയത്ത് രാജ്യത്തെ നയിച്ചതിലൂടെ ഞാന്‍ തളര്‍ന്നിട്ടുണ്ട്. ഞാനും ഒരു മനുഷ്യനാണ്, എന്നും വികാരഭരിതായായി ജസീന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2017ല്‍ തന്റെ 37ാം വയസിലായിരുന്നു ജസീന്ത ആര്‍ഡേന്‍ സഖ്യസര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി കൂടിയായിരുന്നു അവര്‍.

2023 ഒക്ടോബര്‍ 14നാണ് ന്യൂസിലാന്‍ഡില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: New Zealand’s Next PM Chris Hipkins Slams Abuse Faced By Jacinda Ardern

We use cookies to give you the best possible experience. Learn more