കായിക മത്സരങ്ങള്‍ക്കിടയില്‍ എതിരാളികളെ ട്രിക്ക് ചെയ്യാനായി താരങ്ങള്‍ ഓരോ മൂവ്മെന്റ്സ് നടത്തുന്നത് നമ്മള്‍ കാണാറുണ്ട്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് എതിരാളികളെ ഭയപ്പെടുത്തുന്നതിനും തങ്ങള്‍ ശക്തരാണെന്ന് അറിയിക്കുന്നതിനുമായി ഒരു നൃത്തരൂപം തന്നെ നടത്തുന്നവരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഹാക്ക എന്ന ന്യൂസിലാന്‍ഡിന്റെ നൃത്തരൂപം. റഗ്ബിയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ടീം ലീഡറിന്റെ നേതൃത്വത്തില്‍ താരങ്ങള്‍ നിരയായി നിന്ന് പെര്‍ഫോം ചെയ്യാന്‍ തുടങ്ങും. കണ്ണുകളും നാക്കും ചലിപ്പിച്ച് മുഖത്ത് ഭാവവ്യത്യാസം വരുത്തി പരമാവധി ഊര്‍ജം പുറത്തെടുത്താണ് ഇവര്‍ ഹാക്ക കളിക്കുക. വലിയ ശബ്ദത്തില്‍ എന്തോ മന്ത്രം ചൊല്ലുന്നതുപോലെ കൈകള്‍ തുടയില്‍ ശക്തിയായി ഇടിക്കും. നേതാവ് ഉറക്കെ വിളിച്ചുപറയുന്നതിന് അനുയായികള്‍ ഘനഗാംഭീര്യം നിറഞ്ഞ ശബ്ദത്തില്‍ മറുപടി നല്‍കും.
മാവോരി എന്ന ട്രൈബല്‍ കമ്മ്യൂണിറ്റി അനുവര്‍ത്തിക്കുന്ന പ്രത്യേക നൃത്തരൂപമാണ് ഹാക്ക. യുദ്ധത്തിന് മുന്നോടിയായി ഹാക്ക അവതരിപ്പിച്ചില്ലെങ്കില്‍ യുദ്ധത്തിന്റെ വിജയത്തിന് വിപരീതഫലമുണ്ടാകുമെന്നാണ് മാവോരി ജനതയുടെ വിശ്വാസം. എന്തിനും തയ്യാറാണെന്ന് എതിരാളികളെ അറിയിക്കുക കൂടിയാണ് ലക്ഷ്യം.
സാധാരണ, ഓള്‍ ബ്ലാക്സ് എന്ന പേരുകേട്ട പുരുഷ റഗ്ബി പോരാളികളും ബ്ലാക്ക് ഫേണ്‍സ് എന്ന സ്ത്രീകളുടെ റഗ്ബി ടീമും ആണ് എതിരാളികളെ വെല്ലുവിളിച്ചുകൊണ്ട് ഹാക്ക കളിക്കുന്നത്. ഹാക്ക പല തരത്തിലുണ്ട്. അവയില്‍ തന്നെ പേരുകേട്ട കാ മേറ്റ് ആണ് ന്യൂസിലാന്‍ഡ് ടീം അവതരിപ്പിക്കുന്നത്. 1905ലാണ് ഓള്‍ ബ്ലാക്സ് ആദ്യമായി കാ മേറ്റ് ഹാക്ക അവതരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ബ്ലാക് ഫേണ്‍സ് ആദ്യമായി 1999ല്‍ ഹാക്ക കളിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തങ്ങള്‍ ശക്തരാണെന്നും ഐക്യത്തോടെ പോരാടാന്‍ വന്നിരിക്കുകയാണെന്നും എതിരാളികളെ വെല്ലുവിളിക്കുകയാണ് ന്യൂസിലാന്‍ഡ് ടീം ഹാക്കയിലൂടെ. വെല്ലുവിളിക്കാന്‍ മാത്രമല്ല, ആഘോഷവേളകളില്‍ അതിഥികളെ വരവേല്‍ക്കാനും മരണമുഹൂര്‍ത്തത്തില്‍ ദുഖാചരണം നടത്താനും ഹാക്ക കളിക്കാറുണ്ട്. അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മരിച്ചതിന് ശേഷം നടന്ന ഒരു മത്സരത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ട് ഹാക്ക കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മാവോരി ഭാഷയിലൂടെ ഇവരെന്താണ് പറയുന്നതെന്ന് നോക്കാം.
റെഡിയായിക്കോളൂ, വരിയായി നിന്നോളൂ, വേഗം നില്‍ക്കൂ എന്ന് ടീം ലീഡര്‍ ഉറക്കെ വിളിച്ചുപറയുന്നതോടെ ഹാക്ക ആരംഭിക്കും. നേതാവിനെ തങ്ങള്‍ അനുസരിക്കുകയാണ് എന്ന് കൂടെയുള്ളവര്‍ മറുപടി നല്‍കും. കൈകള്‍ തുടയിലടിക്കൂ, കാലുകള്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തിയില്‍ ചവിട്ടിയുറപ്പിക്കൂ എന്നാണ് ലീഡര്‍ തുടര്‍ന്ന് പറയുന്നത്. തങ്ങള്‍ക്കാവും പോലെയിതാ ചെയ്യുകയാണെന്ന് അവരുറക്കെ മറുപടി നല്‍കും. നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് ലീഡര്‍ പറയുമ്പോള്‍ ഇല്ല, തങ്ങള്‍ ജിവിക്കുമെന്ന് ബാക്കിയുള്ളവര്‍ ഉറക്കെയുറക്കെ വിളിച്ചുപറയും. ഇങ്ങനെ സ്വന്തം ടീമിന് പ്രചോദനം നല്‍കിക്കൊണ്ടാണിവര്‍ മത്സരം ആരംഭിക്കുന്നത്.
Content Highlights: New Zealand rugby team’s ‘Haka’ that makes the opponent’s knees tremble