| Tuesday, 11th August 2020, 5:35 pm

ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നുവോ? 102 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓക്‌ലാന്‍ഡ്: കൊവിഡ് രോഗം പൂര്‍ണ്ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞ രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്. സാധാരണ ജീവിതത്തിലേക്ക് ന്യൂസിലാന്‍ഡ് ജനത തിരിച്ചുവന്നുവെന്ന വാര്‍ത്തകള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്.

എന്നാല്‍ 102 ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡിലും കൊവിഡ് രോഗം തിരിച്ചെത്തിയിരിക്കുകയാണ്. ഓക് ലാന്‍ഡ് നഗരത്തില്‍ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് നഗരത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ പറഞ്ഞു.

ഓക് ലാന്‍ഡ് നഗരത്തിലെ ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഐസോലേറ്റ് ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ 102 ദിവസങ്ങള്‍ക്കിടയില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അന്വേഷിക്കുമെന്നും ജസിന്‍ഡ അറിയിച്ചു.

അതേസമയം ബുധനാഴ്ച മുതല്‍ ത്രി ലെവല്‍ നിയന്ത്രണങ്ങള്‍ ഓക് ലാന്‍ഡ് നഗരത്തില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നഗരത്തിലെ ബാറുകളും ആള്‍ക്കാര്‍ കൂടാനിടയുള്ള പ്രദേശങ്ങളും അടച്ചിടും.

ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: new-zealand-reports-new-covid-19-case-after-102-days

We use cookies to give you the best possible experience. Learn more