വെല്ലിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കന്നുകാലികളുടെ ഏമ്പക്കത്തിന് നികുതിയേര്‍പ്പെടുത്താനൊരുങ്ങി ന്യൂസിലാന്‍ഡ്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ ഈ നീക്കം.
കാര്‍ഷിക മേഖലയിലെ മീഥെയ്ന്‍ പുറന്തള്ളല്‍ 2030ഓടെ 10 ശതമാനം കുറക്കാനും 2050ഓടെ 47 ശതമാനം കുറക്കാനുമാണ് ന്യൂസിലാന്‍ഡ് ഉദ്ദേശിക്കുന്നത്. 2025ഓടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം.
ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കുന്ന ആദ്യ രാജ്യമാണ് ന്യൂസിലാന്‍ഡ്. 2050ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ച് കാര്‍ബണ്‍ ന്യൂട്രലാകുമെന്നാണ് ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലിനീകരണം കുറക്കാനും കാലാവസ്ഥാ വ്യതിയാനം നേരിടാനുമുള്ള വേറിട്ട പദ്ധതിയാണിതെന്നും, ഒരു സുപ്രധാന ചുവടുവെപ്പാണെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍ പറഞ്ഞു.
ഇത്തരം നികുതിയിലൂടെ സമാഹരിക്കുന്ന പണം പുതിയ സാങ്കേതികവിദ്യകള്‍, ഗവേഷണം, കര്‍ഷകര്‍ക്കുള്ള ഇന്‍സന്റീവുകള്‍ തുടങ്ങിയവയിലൂടെ കാര്‍ഷിക മേഖലയിലേക്ക് തന്നെ തിരിച്ച് വിനിയോഗിക്കുമെന്ന് ജസീന്‍ഡ ആര്‍ഡന്‍ പറഞ്ഞു.
ന്യൂസിലാന്‍ഡ് കന്നുകാലി മാംസം കയറ്റുമതിചെയ്യുന്ന രാജ്യമാണ്. കാര്‍ഷിക മേഖലയും കന്നുകാലി വ്യവസായവുമാണ് രാജ്യത്തെ പ്രധാന തൊഴില്‍ മേഖലകളില്‍ ഒന്ന്. 50.08 ലക്ഷമാണ് ന്യൂസിലാന്‍ഡിലെ ജനസംഖ്യ. എന്നാല്‍, കന്നുകാലികളുടെ എണ്ണം ഒരു കോടിയിലേറെ വരും. 2.6 കോടി ചെമ്മരിയാടുകളും രാജ്യത്തുണ്ടെന്നാണ് കണക്ക്.
അതേസമയം, കന്നുകാലികളുടെ ഏമ്പക്കത്തിന് നികുതിയേര്‍പ്പെടുത്താനുള്ള പുതിയ തീരുമാനം ന്യൂസിലാന്‍ഡിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപക എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ജസീന്‍ഡ ആര്‍ഡന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.