| Wednesday, 14th December 2022, 9:17 am

പ്രതിപക്ഷ എം.പിയെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം; മാപ്പ് പറഞ്ഞ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലിങ്ടണ്‍: പ്രതിപക്ഷ എം.പിയെ അപമാനിച്ചുകൊണ്ട് സംസാരിച്ചതിന് മാപ്പ് പറഞ്ഞ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍.

പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവായ ഡേവിഡ് സെയ്‌മൊറിനെ (David Seymour) അഹങ്കാരി (arrogant) എന്ന് വിളിച്ചത് മൈക്കിലൂടെ പുറത്ത് കേള്‍ക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടിയായ എ.സി.ടിയുടെ നേതാവ് ഡേവിഡ് സെയ്മോര്‍ പാര്‍ലമെന്റില്‍ ആര്‍ഡേന് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ അപകീര്‍ത്തികരമായ കമന്റ് മൈക്കിലൂടെ പുറത്തുവന്നത്.

സെയ്‌മൊര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ എതിര്‍ക്കുകയും അത് രേഖകളില്‍ നിന്ന് പിന്‍വലിക്കാന്‍ ജനപ്രതിനിധി സഭാ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു.

പിന്നാലെയാണ് ജസീന്ത ആര്‍ഡേന്‍ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞതായി അവരുടെ ഓഫീസ് അറിയിച്ചത്.

ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടന്ന ഒരു സംവാദത്തിനിടെയായിരുന്നു സംഭവം.

‘സര്‍ക്കാരിന് ഏതെങ്കിലും വിഷയത്തില്‍ തെറ്റ് പറ്റിയതിന് മാപ്പ് പറഞ്ഞുകൊണ്ട്’ ഉദാഹരണം കാണിക്കാന്‍ സെയ്‌മൊര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും പിന്നാലെ കൊവിഡ് കൈകാര്യം ചെയ്തതിലടക്കം വന്ന പിഴവുകളെ കുറിച്ച് ആര്‍ഡേന്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ കൊവിഡ് റെസ്‌പോണ്‍സില്‍ ഉള്‍പ്പെടെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് തന്റെ ലേബര്‍ ഭരണകൂടം അംഗീകരിച്ച നിരവധി അവസരങ്ങളുണ്ടെന്ന് ആര്‍ഡേന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

”ഉദാഹരണത്തിന്, ഐസൊലേഷനും ക്വാറന്റൈനും നിയന്ത്രിക്കുന്നത് ആ സമയത്ത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നുവെന്നും അത് ബാധിച്ച നിരവധി ആളുകളുണ്ടെന്നും ഞങ്ങള്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

ന്യൂസിലാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചതെന്ന് തോന്നുന്ന തീരുമാനങ്ങള്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും എടുത്തിട്ടുണ്ട്, അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,” ആര്‍ഡേന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ മറുപടി നല്‍കിയതിന് ശേഷം തന്റെ ചെയറില്‍ ഇരുന്ന പ്രധാനമന്ത്രി ‘ഇത്രയും അഹങ്കാരത്തോടെയുള്ള ചോദ്യം’ എന്ന് പതിയെ പറഞ്ഞത് മൈക്കിലൂടെ പുറത്ത് കേള്‍ക്കുകയായിരുന്നു.

എന്നാല്‍ പരാമര്‍ശത്തില്‍ ആര്‍ഡേന്‍ സെയ്മൊറിനോട് ക്ഷമാപണം നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നാലെ സ്ഥിരീകരിച്ചു.

Content Highlight: New Zealand PM Jacinda Ardern apologises for insulting MP in Parliament caught on mic

We use cookies to give you the best possible experience. Learn more