ഐ.സി.സി ടി-20 കപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ പാപ്പുവാ ന്യൂഗ്വിനിയയെ ഏഴ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാപ്പുവാ ന്യൂഗ്വിനിയ 19.5 ഓവറില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 15.1 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാന്റെ ഈ വിജയം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനെയാണ് ബാധിച്ചത്. പാപ്പുവാ ന്യൂഗ്വിനിയ പരാജയപ്പെട്ടതോടെ കിവീസ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താവുകയായിരുന്നു. നേരത്തെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട കെയ്ന്‍ വില്ല്യംസണും സംഘവും പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തായിരുന്നു.
അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ 84 റണ്‍സിന്റെ വമ്പന്‍ പരാജയമായിരുന്നു ന്യൂസിലാന്‍ഡ് ഏറ്റുവാങ്ങിയത്. പിന്നീട് നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 13 റണ്‍സിനും ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു.
എന്നാല്‍ അഫ്ഗാനിസ്ഥാന്‍ പാപ്പുവാ ന്യൂഗ്വിനിയയെ പരാജയപ്പെടുത്തിയോടുകൂടി ഗ്രൂപ്പ് സിയില്‍ നിന്നും മൂന്ന് മത്സരങ്ങള്‍ വീതം വിജയിച്ച വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനും ആറ് പോയിന്റോടെ സൂപ്പര്‍ എട്ടിലേക്ക് മുന്നേറുകയായിരുന്നു.
കിവീസിന് ഇനി രണ്ടു മത്സരങ്ങളാണ് ലോകകപ്പില്‍ ബാക്കിയുള്ളത്. ജൂണ്‍ 15ന് ഉഗാണ്ടയ്‌ക്കെതിരെയും ജൂണ്‍ 17ന് പാപ്പുവാ ന്യൂഗ്വിനിയക്കെതിരെയുമാണ് ന്യൂസിലാന്‍ഡിന്റെ ഇനിയുള്ള മത്സരങ്ങള്‍.
ഈ രണ്ടു മത്സരങ്ങളും വിജയിച്ചാല്‍ നാല് പോയിന്റ് മാത്രമേ കിവീസിന് നേടാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ടി-20 ലോകകപ്പില്‍ നിന്നും ബ്ലാക്ക് ക്യാപ്‌സ് പുറത്തായികഴിഞ്ഞു.
1987 നു ശേഷം ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ഒരു ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താവുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്.
അവസാന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് തലയുയര്‍ത്തിക്കൊണ്ട് മടങ്ങാന്‍ തന്നെയായിരിക്കും വില്യംസണും സംഘവും ലക്ഷ്യമിടുക.
Content Highlight: Newzealand out of the 2024 ICC T20 World Cup