പുരുഷ വനിതാ ടീമുകള്‍ക്ക് തുല്യവേതനം നടപ്പിലാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസിലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന എല്ലാ താരങ്ങള്‍ക്കും ഒരേ മാച്ച് ഫീ നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം.
ഇതോടെ എല്ലാ താരങ്ങള്‍ക്കും ഒരേ കളിക്ക് ഒരേ വേതനം (Same Pay for the Same Pay) ലഭിക്കും. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഇതോടെ ആഭ്യന്തര തലത്തില്‍ കളിക്കുന്ന വനിതാ താരങ്ങള്‍ക്കും വൈറ്റ് ഫേണ്‍സ് (White Ferns) എന്ന വിളിപ്പേരുള്ള ദേശീയ വനിതാ ടീമിലെ ഓരോ അംഗത്തിനും പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ വേതനം തന്നെ ലഭിക്കും.
ടെസ്റ്റിലും ഏകദിനത്തിലും മാത്രമല്ല, ഫോര്‍ഡ് ട്രോഫി, ഡ്രീം ഇലവന്‍ സൂപ്പര്‍ സ്മാഷ് തുടങ്ങിയ ടൂര്‍ണമെന്റിലും ഇതേ നയം തന്നെയാവും നടപ്പിലാക്കുന്നത്.
ഇത് വനിതാ ക്രിക്കറ്റില്‍ താരങ്ങള്‍ക്കുള്ള അവസരം വര്‍ധിപ്പിക്കുമെന്നും വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ന്യൂസിലാന്‍ഡ് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സോഫിയ ഡിവൈന്‍ പറഞ്ഞു.
ഈ തീരുമാനം ക്രിക്കറ്റിലെ തങ്ങളുടെ പൂര്‍വികരുടെ പാരമ്പര്യം കെട്ടിപ്പടുക്കാനും സ്ത്രീ പുരുഷ ഭേദമന്യേ വളര്‍ന്നുവരുന്ന എല്ലാ താരങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുമെന്നും ന്യൂസിലാന്‍ഡ് പുരുഷ ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.
ഇപ്പോള്‍ നിലവില്‍ വരുന്ന കരാര്‍ പ്രകാരം വനിതാ ടീമിന്റെ ആഭ്യന്തര കരാറുകളും മത്സരങ്ങളും 54ല്‍ നിന്നും 72 ആയി ഉയരും. ഇതോടെ ഒരു താരത്തിന്റെ കോണ്‍ട്രാക്ട് ഒമ്പതില്‍ നിന്നും 12ലേക്കും ഉയരും.