ന്യൂസിലാന്‍ഡ് തോറ്റത് ഇന്ത്യയോട് മാത്രമല്ല; വളരെ വലിയ വില കൊടുത്ത് കിവികള്‍
Sports News
ന്യൂസിലാന്‍ഡ് തോറ്റത് ഇന്ത്യയോട് മാത്രമല്ല; വളരെ വലിയ വില കൊടുത്ത് കിവികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd January 2023, 1:55 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരവും തോറ്റ സന്ദര്‍ശകര്‍ പരമ്പര ഇന്ത്യക്ക് മുമ്പില്‍ അടിയറ വെച്ചിരുന്നു. റായ്പൂരിലെ വീര്‍ ഷഹീദ് നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ തോല്‍വി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് തുടക്കത്തിലേ കാലിടറിയിരുന്നു. സ്‌കോര്‍ ബോര്‍ഡ് ചലിക്കും മുമ്പ് തന്നെ ഓപ്പണര്‍ ഫിന്‍ അലനെ നഷ്ടമായ കിവികള്‍ താളം കണ്ടെത്താന്‍ ഏറെ പാടുപെട്ടു. സ്‌കോര്‍ ബോര്‍ഡില്‍ 15 ആയപ്പോഴേക്കും ബ്ലാക് ക്യാപ്‌സിന്റെ അഞ്ച് മുന്‍നിര വിക്കറ്റുകളാണ് വീണത്.

ഗ്ലെന്‍ ഫിലിപ്‌സും മൈക്കല്‍ ബ്രേസ്‌വെല്ലും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ന്യൂസിലാന്‍ഡിനെ മൂന്നക്കം കടത്തിയത്. ഒടുവില്‍ 108 റണ്‍സിന് ടീം ഓള്‍ ഔട്ടാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. എട്ട് വിക്കറ്റും 179 പന്തും ബാക്കി നില്‍ക്കവെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ആറ് ഓവര്‍ പന്തെറിഞ്ഞ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് മത്സരത്തിലെ താരം.

കഴിഞ്ഞ തോല്‍വിക്ക് പിന്നാലെ പരമ്പര മാത്രമല്ല ന്യൂസിലാന്‍ഡിന് നഷ്ടമായത്. ഐ.സി.സി റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും റായ്പൂരിലെ തോല്‍വിക്ക് പിന്നാലെ കിവികള്‍ക്ക് നഷ്ടമായി.

നിലവില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ടിനും രണ്ടാമതുള്ള ന്യൂസിലാന്‍ഡിനും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്കും ഒരേ റേറ്റിങ്ങാണുള്ളതെങ്കിലും പോയിന്റുകളുടെ അടിസ്ഥാനത്തിലും കളിച്ച കളികളുടെ എണ്ണത്തിലുമാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

113 റേറ്റിങ്ങും 3400 പോയിന്റുമാണ് ഇംഗ്ലണ്ടിനുള്ളത്. 3166 പോയിന്റാണ് ന്യൂസിലാന്‍ഡിന്റെ സമ്പാദ്യം. ഇന്ത്യയാണ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത്. 4847 പോയിന്റും 113 റേറ്റിങ്ങുമാണ് ഇന്ത്യക്കുള്ളത്.

ഓസ്‌ട്രേലിയ ആണ് നാലാം സ്ഥാനത്ത്. 112 റേറ്റിങ്ങാണ് കങ്കാരുക്കള്‍ക്കുള്ളത്. 106 റേറ്റിങ്ങുമായി പാകിസ്ഥാനാണ് അഞ്ചാമത്.

(ഐ.സി.സി ഏകദിന റാങ്കിങ്ങിന്റെ പൂര്‍ണ രൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

അതേസമയം, ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാം മത്സരം ജനുവരി 24ന് ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും.

ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ സീരീസ് വൈറ്റ് വാഷ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാനാണ് കിവികള്‍ ശ്രമിക്കുന്നത്.

 

Content Highlight: New Zealand lost to India and slipped to the second position in the ICC rankings