വെല്ലിംഗ്ടണ്‍: കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കി ന്യൂസിലാന്റ്. ബോധവത്കരണ പരിപാടികളിലായി ഒതുക്കി നിര്‍ത്താതെ കൃത്യമായ നടപടികളുമായാണ് ന്യൂസിലാന്റ് രംഗത്തുവന്നിരിക്കുന്നത്.
സാമ്പത്തികരംഗത്തെ പ്രധാന ഏജന്‍സികളായ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപകമേഖലയിലുള്ളവര്‍ തുടങ്ങിയവരെല്ലാം ഇനി മുതല്‍ കാലാവസ്ഥ വ്യതിയാനം അവരുടെ ബിസിനസിനെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമമാണ് ന്യൂസിലാന്റ് നടപ്പിലാക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നിയമം നടപ്പില്‍ വരുന്നതെന്ന് കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രിയായ ജെയിംസ് ഷോ അറിയിച്ചു.
1 ബില്യണ്‍ ന്യൂസിലാന്റ് ഡോളര്‍ ആസ്തിയുള്ള ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും രാജ്യത്തെ സ്‌റ്റോക്ക് മാര്‍ക്കറ്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാമ്പത്തികമേഖലയിലെ മറ്റു കമ്പനികളുമാണ് പുതിയ നിയമത്തിന് കീഴില്‍ വരുന്നത്. ന്യൂസിലാന്റിലെ ഇരുനൂറിലേറെ ബിസിനസ് ഭീമന്മാരും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളും ഈ നിയമത്തിന് കീഴില്‍ വരും.
‘2050 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കണമെങ്കില്‍ കാലാവസ്ഥയില്‍ എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് തങ്ങളുടെ നിക്ഷേപങ്ങളുണ്ടാക്കുന്നതെന്ന് സാമ്പത്തികരംഗത്തുള്ളവര്‍ അറിയേണ്ടതുണ്ട്. ഈ പുതിയ നിയമത്തിലൂടെ സാമ്പത്തിക-ബിസിനസ് തീരുമാനങ്ങളുടെ പ്രധാന ഭാഗമായി കാലാവസ്ഥ വ്യതിയാനം മാറും,’ ജെയിംസ് ഷോ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. അടുത്ത വര്‍ഷം നിയമം പ്രാബല്യത്തില്‍ വരും. 2023 മുതലായിരിക്കും കമ്പനികള്‍ക്ക് കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെയും അതിനുള്ള പരിഹാര മാര്‍ഗങ്ങളെയും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടി വരിക.
ജസീന്ത ആര്‍ഡന്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. 2025ഓടെ പൊതുമേഖല കാര്‍ബണ്‍ മുക്തമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക