ലങ്കന്‍ താണ്ഡവത്തില്‍ നാണംകെട്ട് കിവീസ്; 32 വര്‍ഷം മുമ്പുള്ള മോശം റെക്കോഡിനേക്കാള്‍ വളരെ മോശം!
Sports News
ലങ്കന്‍ താണ്ഡവത്തില്‍ നാണംകെട്ട് കിവീസ്; 32 വര്‍ഷം മുമ്പുള്ള മോശം റെക്കോഡിനേക്കാള്‍ വളരെ മോശം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th September 2024, 2:56 pm

ന്യൂസിലാന്‍ഡ്-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗല്ലേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലങ്കന്‍ സിംഹങ്ങള്‍ 602/5 എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ കിവീസ് വെറും 88 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഒരു മോശം റെക്കോഡാണ് ന്യൂസിലാന്‍ഡിന്റെ തലയില്‍ വീണത്. ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ കിവീസ് നേടുന്ന ഏറ്റവും മോശം ടോട്ടലാണിത്.

ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലാന്‍ഡ് നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍, വേദി, വര്‍ഷം എന്ന ക്രമത്തില്‍

88 – ഓള്‍ ഔട്ട് – ഗല്ലേ – 2024*

102 – ഓള്‍ ഔട്ട് – കൊളംമ്പോ – 1992

109 – ഓള്‍ ഔട്ട – നാപീര്‍ – 1995

114 – ഓള്‍ ഔട്ട് – ഗല്ലേ – 1998

ലങ്കന്‍ ബൗളിങ്ങില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രഭാത് ജയസൂര്യ തകര്‍പ്പന്‍ പ്രകടനമാണ് കിവീസിനെ തകര്‍ത്തെറിഞ്ഞത്. 18 ഓവറില്‍ ആറ് മെയ്ഡന്‍ ഉള്‍പ്പെടെ 42 റണ്‍സ് വിട്ടുനല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. താരത്തിന് പുറമെ നിഷാന്‍ പീരിസ് മൂന്ന് വിക്കറ്റും അസിതാ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി. കിവീസിന് വേണ്ടി 51 പന്തില്‍ 29 റണ്‍സ് നേടിയ മിച്ചല്‍ സാന്റനറിന് മാത്രമാണ് ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് കിവീസ് നേടിയത്.

ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കക്കായി കാമിന്ദു മെന്‍ഡീസ്, ദിനേശ് ചണ്ടിമല്‍, കുശാല്‍ മെന്‍ഡീസ് എന്നിവര്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മെന്‍ഡീസ് 250 പന്തില്‍ പുറത്താവാതെ 116 റണ്‍സാണ് നേടിയത്. 16 ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്.

ദിനേശ് 208 പന്തില്‍ 116 റണ്‍സും കുശാല്‍ 149 പന്തില്‍ 106 റണ്‍സും നേടി. ഏഞ്ചലോ മാത്യൂസ് 88 റണ്‍സും ദിമുത് കരുണരത്നെ 46 റണ്‍സും ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 44 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. കിവീസ് ബൗളിങ്ങില്‍ ഗ്ലെന്‍ ഫിലിപ്സ് മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ടിം സൗത്തി ഒരു വിക്കറ്റും നേടി.

 

Content Highlight: New Zealand In Un Wanted Record Against Sri Lanka