| Saturday, 19th October 2024, 8:50 am

വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് കിവീസ്; 2024 വിമണ്‍സ് ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ടി-20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ന്യൂസിലാന്‍ഡ്. ഷാര്‍ഷ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ വെസ്റ്റ് ഇന്ഡീസിനെതിരെ എട്ട് റണ്‍സിനാണ് കിവീസിന്റെ മിന്നും വിജയം.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് കിവീസ് നേടിയത്. വിജയലക്ഷ്യം മറികടക്കാനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് നേടിയത്. ഇതോടെ ഒക്ടോബര്‍ 20ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന 2024 വിമണ്‍സ് ടി-20 ഫൈനലില്‍ ആദ്യ ഫൈനലിസ്റ്റായ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും.

വെസ്റ്റ് ഇന്ഡീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ഡിയാന്ദ്ര ഡോട്ടിനായിരുന്നു. അഞ്ചാമനായി ഇറങ്ങി 22 പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 33 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റനും ഓപ്പണറുമായ ഹെയ്‌ലി മാത്യൂസ് 15 റണ്‍സ് നേടിയപ്പോള്‍ ഏഫി ഫ്‌ലെച്ചെര്‍ 17 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇതോടെ ലോകകപ്പ് ഫൈനലിസ്റ്റാകാനുള്ള തങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്.

കിവീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ഈഡന്‍ കാര്‍സനായിരുന്നു. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. അമേലിയ കെര്‍ 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി. ഫ്രാന്‍ ജോനസ്, ലിയ തഹുഹു സൂസി ബേറ്റ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ന്യൂസിലാന്‍ഡിന് വേണ്ടി ഓപ്പണര്‍ സൂസി ബേറ്റ്‌സ് 28 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സ് ആണ് നേടിയത്. കരിഷ്മ രംഹരക് ആണ് താരത്തെ പുറത്താക്കിയത്.

സൂസിക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച ജോര്‍ജിയ പ്ലിമ്മറിനെ എഫി ഫ്ലെച്ചര്‍ 33 റണ്‍സിന് പുറത്താക്കി. അമേലിയ കെറിനെ ഏഴ് റണ്‍സിന് ഡിയാന്ദ്ര ഡോട്ടിനും പറഞ്ഞയച്ചു. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 12 റണ്‍സും ബ്രൂക്ക് ഹാലിഡെ 18 റണ്‍സും നേടി പുറത്തായപ്പോള്‍ ടീമിന് വേണ്ടി പിടിച്ചുനിന്നത് ഇസി ഗേസ് ആണ്. 20 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വിന്‍ഡീസിന് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത് ഡിയാന്ദ്ര ഡോട്ടിനാണ്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. ആഫി ഫ്ലെച്ചര്‍ രണ്ട് വിക്കറ്റും കരിഷ്മ രാംഹരക്ക്, ആലിയ അലെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: New Zealand In 2024 Women’s T-20 World Cup Final

Latest Stories

Video Stories

We use cookies to give you the best possible experience. Learn more