| Monday, 7th March 2022, 5:17 pm

പുടിന്‍ ഉള്‍പ്പെടെ നൂറോളം റഷ്യന്‍ നേതാക്കള്‍ക്കെതിരെ ഉപരോധവുമായി ന്യൂസിലാന്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലിംഗ്ടണ്‍: ഉക്രൈന്‍ അധിനവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുള്‍പ്പടെ റഷ്യന്‍ നേതാക്കള്‍ക്ക് ന്യൂസിലാന്‍ഡ് ഉപരോധം ഏര്‍പ്പെടുത്തി.

പുടിന്‍, പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ തുടങ്ങി നൂറോളം റഷ്യന്‍ നേതാക്കള്‍ക്ക് രാജ്യം ഉപരോധം ഏര്‍പ്പെടുത്തിയതായി ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി അറിയിച്ചു.

റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉക്രൈനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശവുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികള്‍ക്കും ന്യൂസിലാന്‍ഡിലേക്കുള്ള യാത്രാനിരോധനം ലക്ഷ്യമിടുന്നതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും വിദേശകാര്യ മന്ത്രി നനയ്യ മഹൂട്ടയും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യന്‍ സ്ഥാനപതിയെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞിരുന്നു.

റഷ്യന്‍ അധികൃതര്‍ക്ക് ന്യൂസിലാന്‍ഡ് യാത്രാ നിയന്ത്രണം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെച്ചതായും ന്യൂസിലാന്‍ഡ് അറിയിച്ചു. ഉക്രൈന്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഉക്രൈന്‍ നഗരമായ സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചു. റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയമാണെന്ന് കാണിച്ചാണ് ഇന്ത്യക്കാരെ സുമി നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.

ബസ് പോകേണ്ട വഴികളില്‍ സ്ഫോടനം നടക്കുന്നതായും എംബസി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ നിലവില്‍ കഴിയുന്ന ഇടങ്ങളില്‍ തുടരാനും എംബസി നിര്‍ദേശിച്ചു.

Content Content:  New Zealand imposes sanctions on hundreds of Russian leaders exposed by Putin

We use cookies to give you the best possible experience. Learn more