വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ കൊവിഡ് ഭീതി ഒഴിയുന്നു. അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 17 ദിവസം ന്യൂസിലാന്റില്‍ പുതിയ കൊവിഡ് രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന 50 വയസ്സുകാരി രോഗം ഭേദമായി ആശുപത്രി വിട്ടതോടെയാണ് സമ്പൂര്‍ണ രോഗ മുക്തി നേടിയ രാജ്യമായി ന്യൂസിലാന്റ് മാറിയത്. കൊവിഡ് പ്രതിരോധത്തിലെ ന്യൂസിലാന്റിന്റെ നാഴികക്കല്ലാണ് ഈ നേട്ടം.
രാജ്യത്തേക്കുള്ള പ്രവേശനങ്ങളിലെ നിയന്ത്രണം ഒഴികെയുള്ള അവശേഷിക്കുന്ന എല്ലാ സാമൂഹിക അകലങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും നീക്കംചെയ്യുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പിന്നീട് പ്രഖ്യാപിക്കും.
ലോകത്തെ തന്നെ ഏറ്റവും കര്‍ശനമായ ലോക് ഡൗണ്‍ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാന്റ്. കൊവിഡ് കേസുകള്‍ 100 ല്‍ എത്തിയപ്പോഴായിരുന്നു മാര്‍ച്ച് 23 ന് 51 ദിവസം നീണ്ടുനിന്ന ലോക് ഡൗണ്‍ നടപ്പാക്കിയത്. ആരോഗ്യപരമായ കാര്യങ്ങള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുമല്ലാതെ രാജ്യത്തെ പൗരന്മാരാരും പുറത്തിറങ്ങരുതെന്ന കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊവിഡിനെ പൊരുതി തോല്‍പ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസീലാന്റ് മാറുമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി ജസീന്ത പറഞ്ഞിരുന്നു.
1154 കൊവിഡ് കേസുകളാണ് ന്യൂസിലാന്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണം 22 ല്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതും ന്യൂസിലാന്റിന്റെ നേട്ടമാണ്.
ന്യൂസിലാന്റില്‍ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരിയിലായിരുന്നു. തിങ്കളാഴ്ചവരെ 300000 ടെസ്റ്റുകള്‍ ന്യൂസിലാന്റില്‍ നടത്തിയിട്ടുണ്ട്.
കൊവിഡ് മുക്തമായത് വലിയ നേട്ടം തന്നെയാണെന്നും എന്നാല്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ്
പറഞ്ഞു.
”ഫെബ്രുവരി 28 ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നും ഇല്ലാത്തത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയില്‍ ഒരു സുപ്രധാന അടയാളമാണ്, എന്നാല്‍ ഞങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ, കൊവിഡ് 19നെതിരെ തുടരുന്ന ജാഗ്രത അനിവാര്യമായി തുടരും,” ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ്
പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധനേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ