കശ്മീര്‍ ഫയല്‍സിന് ന്യൂസിലാന്‍ഡില്‍ അനുമതിയില്ല; പ്രദര്‍ശനം തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്
kashmir files
കശ്മീര്‍ ഫയല്‍സിന് ന്യൂസിലാന്‍ഡില്‍ അനുമതിയില്ല; പ്രദര്‍ശനം തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th March 2022, 6:26 pm

വെല്ലിംഗ്ടണ്‍: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വിവാദ ചിത്രം ‘ദി കശ്മീര്‍ ഫയല്‍സി’ന് പ്രദര്‍ശനാനുമതി നിഷേധിച്ച് ന്യൂസിലാന്‍ഡ്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ നടപടി പുനഃപരിശോധിക്കാന്‍ ന്യൂസിലാന്‍ഡ് സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചതോടെയാണ് സിനിമയുടെ റിലീസ് വൈകുന്നത്.

ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും പരാതിയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടയുമാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ചിത്രത്തിന് നേരത്തെ നല്‍കിയ പ്രദര്‍ശനാനുമതി റദ്ദാക്കാന്‍ ന്യൂസിലാന്‍ഡ് സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടി വിവിധ മുസ്‌ലിം സംഘടനകളടക്കം വിവിധ വിഭാഗങ്ങള്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.

അതേസമയം, ചിത്രം സെന്‍സര്‍ ചെയ്യുന്നത് ന്യൂസിലാന്‍ഡുകാരുടെ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണമാണെന്ന് മുന്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്സ് വിമര്‍ശിച്ചിരുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂസിലാന്‍ഡിലെ മാര്‍ച്ച് 15 ആക്രമണങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും സമാനമായി സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ വിവരങ്ങളുമെല്ലാം പൊതുസമൂഹത്തില്‍നിന്ന് സെന്‍സര്‍ ചെയ്യുന്നതിനു തുല്യമാണ് നടപടിയെന്നും ഏതു തരത്തിലുമുള്ള ഭീകരവാദവും എതിര്‍ക്കപ്പെടുകയും തുറന്നുകാണിക്കപ്പെടുകയും വേണമെന്നും വിന്‍സ്റ്റന്‍ പീറ്റേഴ്സ് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരുന്നത്. ഈ മാസം 11ന് ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു വന്നിരുന്നു.

1990 ല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.

സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ചിത്രത്തില്‍ ഒരു തിരുത്തും നിര്‍ദേശിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുമുണ്ടെന്നും സാകേത് ഗോഖലെ രേഖകള്‍ പുറത്തുവിട്ട് ആരോപിച്ചു.

ചിത്രം സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്നും, ഇത് മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനുള്ള പ്രൊപ്പഗാണ്ടയാണെന്നും സാമൂഹ്യപ്രവര്‍ത്തകരടക്കം നിരവധി പേര്‍ ആരോപിച്ചിരുന്നു.


Content Highlight: New Zealand denies screening permission to The Kashmir Files