| Friday, 16th February 2024, 11:17 am

അട്ടിമറിയോ, ആ കോഴ്‌സ് ഇവിടെ എടുക്കില്ല; ഒരു ദിവസം ബാക്കി, വില്യംസണെന്ന വന്‍മതിലില്‍ തട്ടിയുടഞ്ഞ് സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കി ആതിഥേയര്‍. രണ്ടാം മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 267 റണ്‍സിന്റെ വിജയലക്ഷ്യം നാലാം ദിവസം അവസാനിക്കുന്നതിന് മുമ്പ് മറികടന്നാണ് കിവീസ് വിജയം നേടിയത്. ഏഴ് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക – 242 & 235

ന്യൂസിലാന്‍ഡ് (T: 267) – 211 & 269/3

വില്യംസണിന്റെ സെഞ്ച്വറിയും വില്‍ യങ്ങിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ബ്ലാക് ക്യാപ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. വില്യംസണ്‍ 260 പന്തില്‍ പുറത്താകാതെ 133 റണ്‍സ് നേടിയപ്പോള്‍ 134 പന്തില്‍ 60* റണ്‍സാണ് യങ് നേടിയത്.

ആദ്യ മത്സരത്തില്‍ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങിയാണ് നീല്‍ ബ്രാന്‍ഡിന്റെ നേതൃത്വത്തില്‍ പ്രോട്ടിയാസ് യുവനിര കളത്തിലിറങ്ങിയത്. എന്നാല്‍ കെയ്ന്‍ വില്യംസണിന്റെ എക്‌സ്പീരിയന്‍സിന് മുമ്പില്‍ വീണുപോകാനായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിധി.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സെഡണ്‍ പാര്‍ക്കില്‍ നടക്കുമെന്ന് ആരാധകര്‍ കരുതി.

എന്നാല്‍ 31 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച സൗത്ത് ആഫ്രിക്ക 235ന് ഓള്‍ ഔട്ടാവുകയായിരുന്നു.

കൂട്ടത്തില്‍ പരിചയസമ്പന്നനായ ഡേവിഡ് ബെഡ്ഡിങ്ഹാമിന്റെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്സില്‍ പ്രോട്ടിയാസിന് തുണയായത്. 141 പന്ത് നേരിട്ട് 110 റണ്‍സാണ് താരം നേടിയത്. 12 ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ബെഡ്ഡിങ്ഹാമിന്റെ ഇന്നിങ്സ്.

79 പന്തില്‍ 43 റണ്‍സ് നേടിയ കീഗന്‍ പീറ്റേഴ്സണും 60 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നീല്‍ ബ്രാന്‍ഡുമാണ് സൗത്ത് ആഫ്രിക്കക്കായി റണ്‍സ് നേടിയ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ 63 പന്തില്‍ 17 റണ്‍സ് നേടിയ സുബൈര്‍ ഹംസ മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ ഇരട്ടയക്കം കണ്ടത്.

ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായ റുവാന്‍ ഡി സ്വാര്‍ഡ് ആറ് പന്തില്‍ ഒരു റണ്ണിന് പുറത്തായി. സ്വാര്‍ഡ് അടക്കം ഏഴ് പേരാണ് ഒറ്റയക്കത്തിന് മടങ്ങിയത്.

ന്യൂസിലാന്‍ഡിനായി അരങ്ങേറ്റക്കാരന്‍ വില്‍ ഓ റൂര്‍ക് അഞ്ച് വിക്കറ്റ് നേടി. നാല് മെയ്ഡന്‍ അടക്കം 13.5 ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് താരം കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റും നേടി റൂര്‍ക് തിളങ്ങിയിരുന്നു.

267 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 44 പന്തില്‍ 17 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയെയാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഡെയ്ന്‍ പീഡിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്.

എന്നാല്‍ നാലാം ദിവസം സെഞ്ച്വറിയുമായി കെയ്ന്‍ വില്യംസണും അര്‍ധ സെഞ്ച്വറിയുമായി വില്‍ യങ്ങും ആഞ്ഞടിച്ചപ്പോള്‍ കിവീസ് പരമ്പര സ്വന്തമാക്കി. മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നേടിയ വില്‍ ഒ റൂര്‍ക് മത്സരത്തിന്റെ താരമായപ്പോള്‍ നാല് ഇന്നിങ്‌സില്‍ നിന്നും മൂന്ന് സെഞ്ച്വറി നേടിയ വില്യംസണ്‍ പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

Content highlight: New Zealand defeats South Africa and wins the series

We use cookies to give you the best possible experience. Learn more