ലോകകപ്പിന് മുമ്പ് നടക്കുന്ന ത്രിരാഷ്ട്ര സീരീസില്‍ പാകിസ്ഥാനെ നിലം തൊടീക്കാതെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ്. ഒമ്പത് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം.
പാകിസ്ഥാന്റെ പേരുകേട്ട പേസ് നിരയെ നിലത്തുനിര്‍ത്താതെയായിരുന്നു കിവീസ് ബാറ്റര്‍മാര്‍ എടുത്തിട്ടടിച്ചത്. പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍മാര്‍ എല്ലാവരും തന്നെ മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടി.
ന്യൂസിലാന്‍ഡിലെ ഹേഗ്‌ലി പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു ബ്ലാക് ക്യാപ്‌സ് പാകിസ്ഥാനെ തകര്‍ത്തുവിട്ടത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്റെ തീരുമാനം തെറ്റിക്കുന്ന പ്രകടനമായിരുന്നു കിവീസ് ബൗളര്‍മാര്‍ പുറത്തെടുത്തത്.
പാകിസ്ഥാന്റെ പേരുകേട്ട ഓപ്പണിങ് കൂട്ടുകെട്ടിന് ഈ മത്സരത്തില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. മുഹമ്മദ് റിസ്വാന്‍ 16ഉം ബാബര്‍ അസം 21ഉം റണ്‍സെടുത്ത് പുറത്തായി.
ടി-20 ലോകകപ്പിന് മുമ്പ് പാകിസ്ഥാന്‍ സര്‍പ്രൈസ് നീക്കമായി ടീമിലെത്തിച്ച ഷാന്‍ മസൂദിനും പിടിച്ചുനില്‍ക്കാനായില്ല. 12 പന്തില്‍ നിന്നും 14 റണ്‍സുമായി മസൂദ് പുറത്തായപ്പോള്‍ പിന്നാലെയെത്തിയ ഷദാബ് ഖാന്‍ എട്ട് റണ്‍സിന് പുറത്തായി.
ഇഫ്തിഖര്‍ അഹമ്മദും ആസിഫ് അലിയും ചെറുത്തുനിന്നെങ്കലും സ്‌കോര്‍ ഉയര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല. ഇഫ്തിഖര്‍ 27 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ആസിഫ് അലി 25 റണ്‍സ് നേടി പുറത്താവാതെ നിന്നു.
ഒടുവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 130 റണ്‍സ് എന്ന നിലയില്‍ പാകിസ്ഥാന്‍ പോരാട്ടം അവസാനിപ്പിച്ചു.
കിവീസ് നിരയില്‍ ടിം സൗത്തീ, മിച്ചല്‍ സാന്റ്‌നര്‍, മൈക്കിള്‍ ബ്രേസ്വാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇഷ് സോധി ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് പാകിസ്ഥാന്‍ ബൗളര്‍മാരെ വളഞ്ഞിട്ട് തല്ലി. നസീം ഷാ, ഷഹനവാസ് ദഹാനി, മുഹമ്മദ് വസീം തുടങ്ങി പാക് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അടിവാങ്ങിയിരുന്നു.
നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ഷദാബ് ഖാനാണ് കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഓപ്പണര്‍മാരായ ഫിന്‍ അലനും ഡെവോണ്‍ കോണ്‍വേയും പടുത്തുയര്‍ത്തിയ ഓപ്പണിങ് കൂട്ടുകെട്ട് 117 റണ്‍സാണ് നേടിയത്. 42 പന്തില്‍ നിന്നും 62 റണ്‍സ് നേടിയ അലന്‍ പുറത്താകുമ്പോള്‍ തന്നെ ന്യൂസിലാന്‍ഡ് വിജയം ഉറപ്പിച്ചിരുന്നു.
46 പന്തില്‍ നിന്നും 49 റണ്‍സുമായി കോണ്‍വേയും ഒമ്പത് പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പുറത്താവാതെ നിന്നപ്പോള്‍ 23 പന്ത് ബാക്കിനില്‍ക്കെ ന്യൂസിലാന്‍ഡ് ലക്ഷ്യം കാണുകയായിരുന്നു.
Content Highlight: New Zealand defeats Pakistan in Tri Series