| Monday, 22nd April 2024, 5:10 pm

ഒപ്പമില്ലാത്തത് 16 ഫസ്റ്റ് ചോയ്‌സ് താരങ്ങള്‍, എന്നിട്ടും ഫുള്‍ സ്‌ട്രെങ്ത് പാകിസ്ഥാനെ അവരുടെ മടയിലിട്ട് തീര്‍ത്തു; കൊത്തിപ്പറിച്ച് കിവി പക്ഷികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ആതിഥേയരെ തരിപ്പണമാക്കി ന്യൂസിലാന്‍ഡ്. റാവല്‍പിണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ബ്ലാക് ക്യാപ്‌സിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം ചേര്‍ന്ന് സയിം അയ്യൂബ് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ഏഴാം ഓവറിലെ രണ്ടാം പന്തില്‍ സയിം അയ്യൂബിനെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 22 പന്തില്‍ 32 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വണ്‍ ഡൗണായെത്തിയ മുഹമ്മദ് റിസ്വാനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ബാബര്‍ അസമിനെയും പാകിസ്ഥാന് നഷ്ടമായി. ഇത്തവണ മൈക്കല്‍ ബ്രേസ്വെല്ലാണ് പാകിസ്ഥാന് മേല്‍ പ്രഹരമേല്‍പിച്ചത്. 29 പന്ത് നേരിട്ട് 37 റണ്‍സുമായി നില്‍ക്കവെയാണ് പാക് നായകന് പവലിയനിലേക്ക് തിരിച്ചുനടക്കേണ്ടി വന്നത്.

ഏഴ് പന്തില്‍ അഞ്ച് റണ്‍സുമായി ഇസ്മാന്‍ ഖാന്‍ കാര്യമായ ചലനമുണ്ടാക്കാതെ മടങ്ങി. ഇതിനിടെ മുഹമ്മദ് റിസ്വാന്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയതും പാകിസ്ഥാന് തിരിച്ചടിയായി. 21 പന്തില്‍ 22 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്.

പിന്നാലെയെത്തിയ ഇര്‍ഫാന്‍ ഖാന്റെയും ഷദാബ് ഖാന്റെയും മികച്ച ഇന്നിങ്‌സുകള്‍ പാകിസ്ഥാനെ താങ്ങി നിര്‍ത്തി. ഷദാബ് 20 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ 20 പന്തില്‍ പുറത്താകാതെ 30 റണ്‍സാണ് ഇര്‍ഫാന്‍ നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡും ഒട്ടും മോശമാക്കിയില്ല. ആറ് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് 50 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കയറിയത്. എന്നാല്‍ ഇതിനിടെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും സന്ദര്‍ശകര്‍ക്ക് നഷ്ടമായിരുന്നു. ടിം റോബിന്‍സണ്‍ 19 പന്തില്‍ 28 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ 21 റണ്‍സാണ് ടിം സീഫെര്‍ട് നേടിയത്.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റും നാലാമനായി കളത്തിലിറങ്ങിയ മാര്‍ക് ചാപ്മാനും ചേര്‍ന്ന് കിവികളെ വിജയത്തിലേക്ക് നയിച്ചു.

ഫോക്‌സ്‌ക്രോഫ്റ്റ് 29 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ ചാപ്മാന്‍ 42 പന്തില്‍ പുറത്താകാതെ 87 റണ്‍സും നേടി.

ചാപ്മാനെ പുറത്താക്കാന്‍ കൈവന്ന അവസരങ്ങള്‍ തുലച്ചുകളഞ്ഞതും പാകിസ്ഥാന്റെ തോല്‍വിക്ക് വേഗം കൂട്ടി. ഒരു റിട്ടേണ്‍ ക്യാച്ചടക്കം താരത്തിന്റെ മൂന്ന് ക്യാച്ചുകളാണ് പാക് താരങ്ങള്‍ താഴെയിട്ടത്.

ഒടുവില്‍ പത്ത് പന്ത് ബാക്കി നില്‍ക്കവെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവികള്‍ ലക്ഷ്യം കണ്ടു.

ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 1-1ന് ഒപ്പമെത്താനും ന്യൂസിലാന്‍ഡിനായി. പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു.

ലോകകപ്പിന് മുമ്പായി ന്യൂസിലാന്‍ഡിനോട് തോല്‍വിയേറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് പാകിസ്ഥാന്‍. തങ്ങളുടെ ഫുള്‍ സ്‌ട്രെങ്ത് ടീമിനെ കളത്തിലിറക്കിയിട്ടും പ്രധാന താരങ്ങളൊന്നുമില്ലാതെയെത്തിയ കിവികളോട് തോല്‍ക്കേണ്ടി വന്നതിനാലാണിത്.

ഏപ്രില്‍ 25നാണ് പരമ്പരയിലെ അടുത്ത മത്സരം. ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.

Content highlight: New Zealand defeats Pakistan

We use cookies to give you the best possible experience. Learn more