| Sunday, 24th September 2023, 7:40 am

ഔട്ടായപ്പോള്‍ തിരിച്ചുവിളിച്ചവന്‍ തന്നെ ചരമഗീതം പാടി; കടുവകളെ കൊത്തിപ്പറിച്ച് കിവി പക്ഷികള്‍, ഇത് ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് വിജയം. കഴിഞ്ഞ ദിവസം ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 86 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇഷ് സോധിയാണ് ബംഗ്ലാദേശിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 49.2 ഓവറില്‍ 254 റണ്‍സിന് ഓള്‍ ഔട്ടായി. ടോം ബ്ലണ്ടലിന്റെ അര്‍ധ സെഞ്ച്വറിയും ഹെന്റി നിക്കോള്‍സ്, ഇഷ് സോധി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ന്യൂസിലാന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ബ്ലണ്ടല്‍ 66 പന്തില്‍ 68 റണ്‍സ് നേടി പുറത്തായപ്പോള്‍ നിക്കോള്‍സ് 61 പന്തില്‍ 49 റണ്‍സും സോധി 39 പന്തില്‍ 35 റണ്‍സും നേടി.

മത്സരത്തിനിടെ രസകരമായ മറ്റൊരു സംഭവവും നടന്നിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റണ്‍ ഔട്ടിനുള്ള അപ്പീല്‍ ബംഗ്ലാദേശ് പിന്‍വലിച്ചതായിരുന്നു സംഭവം. മത്സരത്തിന്റെ 46ാം ഓവറില്‍ സ്റ്റാര്‍ പേസര്‍ ഹസന്‍ മഹ്മൂദ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഇഷ് സോധിയെ പുറത്താക്കുകയായിരുന്നു. ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയറിന് വിട്ടു.

ബെയ്ല്‍സ് ഇളക്കുമ്പോള്‍ സോധി ക്രീസിന് പുറത്താണെന്ന് വ്യക്തമായതോടെ മൂന്നാം അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ ബംഗ്ലാ നായകന്‍ ലിട്ടണ്‍ ദാസ് അപ്പീല്‍ പിന്‍വലിക്കുകയും സോധിയെ ബാറ്റിങ് തുടരാന്‍ അനുവദിക്കുകയുമായിരുന്നു. ഇതോടെ ക്രീസിലേക്ക് മടങ്ങിയെത്തിയ സോധി മഹ്മൂദിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ബാറ്റിങ് പുനരാരംഭിച്ചത്.

17 പന്തില്‍ 26 റണ്‍സ് നേടി നില്‍ക്കവെയാണ് സോധി റണ്‍ ഔട്ടാവുന്നത്. എന്നാല്‍ അപ്പീല്‍ പിന്‍വലിച്ചതിന് പിന്നാലെ ബാറ്റിങ് പുനരാരംഭിച്ച താരം 39 പന്തില്‍ 35 റണ്‍സുമായാണ് പുറത്തായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ 19ല്‍ നില്‍ക്കവെ ആറ് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിനെ ബംഗ്ലാദേശിന് നഷ്ടമായി. പിന്നാലെയെത്തിയ തന്‍സിദ് ഹസനെ കൂട്ടുപിടിച്ച് ഓപ്പണര്‍ തമീം ഇഖ്ബാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

11ാം ഓവറിലെ നാലാം പന്തില്‍ തന്‍സിദ് ഹസനെ പുറത്താക്കി ഇഷ് സോധി കൂട്ടുകെട്ട് പൊളിച്ചു. നാലാം നമ്പറില്‍ ക്രീസിലെത്തിയ സൗമ്യ സര്‍ക്കാരിനെ അതേ ഓവറിലെ ആറാം പന്തില്‍ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയും സോധി പുറത്താക്കി.

തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ബംഗ്ലാദേശ് അപകടം മണത്തു. ഒടുവില്‍ 42ാം ഓവറിലെ ആദ്യ പന്തില്‍ അവസാന വിക്കറ്റും വീണതോടെ ബംഗ്ലാദേശ് പരാജയം സമ്മതിച്ചു. 168 റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കിവികള്‍ ബംഗ്ലാദേശിന ഏകദിനത്തില്‍ പരാജയപ്പെടുത്തുന്നത്.

പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ ഇഷ് സോധിയാണ് ബംഗ്ലാദേശിനെ തച്ചുതകര്‍ത്തത്. തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, തൗഹിദ് ഹിരോദി, തമീം ഇഖ്ബാല്‍, മെഹ്ദി ഹസന്‍, ഹസന്‍ മഹ്മൂദ് എന്നിവരെയാണ് സോധി പുറത്താക്കിയത്.

സോധിക്ക് പുറമെ കൈല്‍ ജമൈയ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കോള്‍ മക്കോന്‍ചിയും രചിന്‍ രവീന്ദ്രയും ഓരോ വിക്കറ്റ് വീഴ്ത്തി ബംഗ്ലാ പതനം പൂര്‍ത്തിയാക്കി.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇഷ് സോധിയാണ് കളിയിലെ താരം.

പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചതിനാല്‍ ഈ വിജയത്തോടെ ന്യൂസിലാന്‍ഡ് 1-0ന്റെ ലീഡ് നേടിയിരിക്കുകയാണ്. സെപ്റ്റംബര്‍ 26നാണ് പരമ്പരയിലെ അവസാന മത്സരം. ഷേര്‍ ഇ ബംഗ്ലാ തന്നെയാണ് വേദി.

Content Highlight: New Zealand defeats Bangladesh

We use cookies to give you the best possible experience. Learn more