ചരിത്രത്തിലാദ്യമായി സൗത്ത് ആഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര വിജയിച്ച് ന്യൂസിലാന്‍ഡ്. സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ന്യൂസിലാന്‍ഡ് തോല്‍വിയുടെ അപമാനഭാരം ഇറക്കിവെച്ചത്.
1931-32 മുതല്‍ ഇരുവരും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റമുട്ടിയപ്പോള്‍ ഒരിക്കല്‍പ്പോലും വിജയിക്കാന്‍ കിവികള്‍ക്ക് സാധിച്ചിട്ടില്ല. ആദ്യ പരമ്പരക്ക് ശേഷം 91 വര്‍ഷത്തിനും 11 മാസത്തിനും 19 ദിവസത്തിനുമിപ്പുറമാണ് ന്യൂസിലാന്‍ഡ് സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.
താംഗിവായ് ഷീല്‍ഡിന് വേണ്ടി കളത്തിലിറങ്ങിയ ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ആധികാരികമായി സ്വന്തമാക്കുകയായിരുന്നു.
ബേ ഓവലില്‍ നടന്ന ആദ്യ മത്സരത്തില്‍ രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്റെയും പോരാട്ട വീര്യത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് പ്രോട്ടിയാസ് വീണത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ രചിന്‍ രവീന്ദ്ര ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയാണ് വില്യംസണ്‍ തിളങ്ങിയത്.
ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ടിം സൗത്തിയും മാറ്റ് ഹെന്റിയും അടക്കമുള്ളവര്‍ കരുത്ത് കാട്ടിയപ്പോള്‍ 281 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ന്യൂസിലാന്‍ഡ് നേടിയത്.
സ്‌കോര്‍
ന്യൂസിലാന്‍ഡ് – 511 & 179/4d
സൗത്ത് ആഫ്രിക്ക (T: 529) – 162 & 247
കരിയറിലെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടിയ രചിന്‍ രവീന്ദ്രയാണ് കളിയിലെ താരം.
ആദ്യ മത്സരത്തിലേറ്റ പരാജയം മറികടക്കുന്നതിനും പരമ്പര സമനിലയില്‍ അവസാനിപ്പിക്കുന്നതിനും വിജയം മാത്രം ലക്ഷ്യമിട്ടാണ് സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റിനായി ഹാമില്‍ട്ടണിലെത്തിയത്. ഒരുവേള സൗത്ത് ആഫ്രിക്ക ആതിഥേയരെ അട്ടിമറിക്കുമെന്ന് തോന്നിച്ച ശേഷമാണ് സന്ദര്‍ശകര്‍ പരാജയം സമ്മതിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് 242 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ന്യൂസിലാന്‍ഡിനായി അരങ്ങേറ്റക്കാരന്‍ വില്‍ ഒ റൂര്‍ക് നാല് വിക്കറ്റുമായി തിളങ്ങിയതോടെയാണ് സൗത്ത് ആഫ്രിക്ക ചെറിയ സ്‌കോറിലൊതുങ്ങിയത്.
എന്നാല്‍ ന്യൂസിലാന്‍ഡിനെ അതിലും ചെറിയ സ്‌കോറിലൊതുക്കിയാണ് പ്രോട്ടിയാസ് ആദ്യ ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കിയത്. ഡെയ്ന്‍ പീഡിന്റെ തകര്‍പ്പന്‍ ബൗൡ് പ്രകടനമാണ് ടീമിന് തുണയായത്. എന്നാല്‍ ആ നേട്ടം മുതലാക്കാന്‍ നീല്‍ ബ്രാന്‍ഡിനും സംഘത്തിനും സാധിക്കാതെ പോയി.
രണ്ടാം ഇന്നിങ്‌സില്‍ 235 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് നേടാന്‍ സാധിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുമായി തിളങ്ങിയ വില്‍ ഒ റൂര്‍ക് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടുകയും കെയ്ന്‍ വില്യംസണ്‍ പരമ്പരയിലെ മൂന്നാം സെഞ്ച്വറി തന്റെ പേരില്‍ കുറിക്കുകയും ചെയ്തതോടെ സൗത്ത് ആഫ്രിക്ക തോല്‍വി സമ്മതിച്ചു.
സ്‌കോര്‍
സൗത്ത് ആഫ്രിക്ക -242 & 235
ന്യൂസിലാന്‍ഡ് (T:267) – 211 & 269/3
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒമ്പത് വിക്കറ്റ് നേടിയ റൂര്‍ക് മത്സരത്തിലെ താരമായപ്പോള്‍ കെയ്ന്‍ വില്യംസണ്‍ പരമ്പരയുടെ താരവുമായി.
Content Highlight: New Zealand defeated South Africa in a test series for the first time