|

ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ ഫൈനല്‍ വിജയിച്ച് ന്യൂസിലാന്‍ഡ്; എതിരാളികളുടെ തട്ടകത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ട്രൈ നേഷന്‍ സീരീസില്‍ ന്യൂസിലാന്‍ഡിന് വിജയം. ഫൈനലില്‍ ആതിഥേയരായ പാകിസ്ഥാനെ തകര്‍ത്താണ് മിച്ചല്‍ സാന്റ്‌നറും സംഘവും വിജയം പിടിച്ചടക്കിയത്.

കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയാണ് കിവീസ് സ്വന്തമാക്കിയത്. പരമ്പരയില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ബ്ലാക്ക് ക്യാപ്‌സ് കിരീടമണിഞ്ഞത്.

ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 242 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (76 പന്തില്‍ 46), സല്‍മാന്‍ അലി ആഘാ (65 പന്തില്‍ 45), തയ്യിബ് താഹിര്‍ (33 പന്തില്‍ 38) എന്നിവരുടെ കരുത്തിലാണ് പാകിസ്ഥാന്‍ മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

34 പന്തില്‍ 29 റണ്‍സ് നേടിയ ബാബര്‍ അസം 21 പന്തില്‍ 22 റണ്‍സ് നേടിയ ഫഹീം അഷ്‌റഫ് എന്നിവരുടെ ഇന്നിങ്‌സും പാകിസ്ഥാന്‍ നിരയില്‍ നിര്‍ണായകമായി.

ന്യൂസിലാന്‍ഡിനായി വില്‍ ഒ റൂര്‍ക് നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും മികച്ച പ്രകടനം പുറത്തെടുത്തു. പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയാണ് സാന്റ്‌നര്‍ തിളങ്ങിയത്.

ക്യാപ്റ്റന് പുറമെ മൈക്കല്‍ ബ്രേസ്വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നഥാന്‍ സ്മിത്തും ജേകബ് ഡഫിയും ഓരോ വിക്കറ്റും നേടി.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ക്ക് തുടക്കത്തിലേ വില്‍ യങ്ങിനെ നഷ്ടമായി. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെയാണ് യങ്ങിനെ പാകിസ്ഥാന്‍ പുറത്താക്കിയത്.

എന്നാല്‍ വണ്‍ ഡൗണായെത്തിയ കെയ്ന്‍ വില്യംസണ്‍ ഡെവോണ്‍ കോണ്‍വേയ്‌ക്കൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തി. ഒരു തരത്തിലുമുള്ള ധൃതിയും കാണിക്കാതെ ഇരുവരും സ്‌കോര്‍ ബാര്‍ഡ് ചലിപ്പിച്ചു.

ടീം സ്‌കോര്‍ 76ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി വില്യംസണ്‍ പുറത്തായി. 49 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. അധികം വൈകാതെ 74 പന്തില്‍ 48 റണ്‍സ് നേടി കോണ്‍വേയുടെ വിക്കറ്റും ടീമിന് നഷ്ടമായി.

പിന്നാലെയെത്തിയ ഡാരില്‍ മിച്ചലും (58 പന്തില്‍ 57), ടോം ലാഥവും (64 പന്തില്‍ 56) അര്‍ധ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു.

എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 21 റണ്‍സും കിവിസിന്റെ വിജയത്തില്‍ സഹായകമായി.

ഒടുവില്‍ 28 പന്ത് ബാക്കി നില്‍ക്കവെ കിവികള്‍ വിജയലക്ഷ്യം മറികടന്നു.

പാകിസ്ഥാനായി നസീം ഷാ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സല്‍മാന്‍ അലി ആഘ, ഷഹീന്‍ അഫ്രിദി, അബ്രാര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: New Zealand defeated Pakistan to seal Trination series

Latest Stories