|

വീണ്ടും അര്‍ധ സെഞ്ച്വറി, വീണ്ടും പാഴായി; കണ്ണുനീരിന് അവസാനമില്ല

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റുവാങ്ങി സന്ദര്‍ശകര്‍. സെഡണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനായിരുന്നു പച്ചപ്പടയുടെ പരാജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ 2-0ന് മുമ്പിലെത്തി.

മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ഷഹീന്‍ ഷാ അഫ്രിദി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ പാക് നായകന്റെ കണക്കുകൂട്ടലുകള്‍ ഒന്നടങ്കം തെറ്റിച്ച് കിവീസ് ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചു.

ആദ്യ വിക്കറ്റില്‍ 59 റണ്‍സാണ് ഫിന്‍ അലനും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ആറാം ഓവറിലെ ആദ്യ പന്തില്‍ കോണ്‍വേയെ പുറത്താക്കി ആമിര്‍ ജമാല്‍ പാകിസ്ഥാന് വേണ്ടിയിരുന്ന ബ്രേക് ത്രൂ സമ്മാനിച്ചു. 15 പന്തില്‍ 20 റണ്‍സ് നേടിയാണ് കോണ്‍വേ പുറത്തായത്.

ടീം സ്‌കോര്‍ 137ല്‍ നില്‍ക്കവെ ഫിന്‍ അലനും പുറത്തായി. 41 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 180.49 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഫിന്‍ അലന്റെ വെടിക്കെട്ട്.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയതോടെ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി.

പാകിസ്ഥാനായി ഹാരിസ് റൗണ്ട് നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. അബ്ബാസ് അഫ്രിദി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒസാമ മിറും ആമിര്‍ ജമാലും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ആദ്യ രണ്ട് വിക്കറ്റും പാകിസ്ഥാന് നഷ്ടമായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ മുന്‍ നായകന്‍ ബാബര്‍ അസവും ഫഖര്‍ സമാനും ഒന്നിച്ചതോടെ പാക് സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ബാബറും ഫഖറും പാകിസ്ഥാന്റെ പ്രതീക്ഷ കെടാതെ സൂക്ഷിച്ചത്.

ടീം സ്‌കോര്‍ 97ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി ഫഖര്‍ സമാന്‍ പുറത്തായി. 25 പന്തില്‍ 50 റണ്‍സ് നേടിയാണ് സമാന്‍ പുറത്തായത്. അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഫഖറിന്റെ ഇന്നിങ്‌സ്. ആദം മില്‍നെയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.

പിന്നാലെയെത്തിയവര്‍ക്കൊന്നും ബാബറിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ന്യൂസിലാന്‍ഡ് പാകിസ്ഥാനെ പിടിച്ചുകെട്ടി.

ടീം സ്‌കോര്‍ 153ല്‍ നില്‍ക്കവെ ബാബര്‍ അസവും പുറത്തായതോടെ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഒടുവില്‍ 19.3 ഓവറില്‍ 173ന് പാകിസ്ഥാന്‍ ഓള്‍ ഔട്ടായി.

43 പന്തില്‍ 66 റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്. രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ബാബറിന്റെ ഇന്നിങ്‌സ്. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ടീമിന്റെ ടോപ് സ്‌കോററാകാനും ബാബറിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ട് മത്സരത്തിലും പാകിസ്ഥാന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ പാകിസ്ഥാന് നിര്‍ണായകമായിരിക്കുകയാണ്. പരമ്പര സ്വന്തമാക്കാന്‍ ഷഹീനിനും സംഘത്തിനും ഇനിയുള്ള മൂന്ന് മത്സരവും വിജയിക്കണം.

ജനുവരി 17നാണ് അടുത്ത മത്സരം. യൂണിവേഴ്‌സിറ്റി ഓവലാണ് വേദി.

Content highlight: New Zealand defeated Pakistan in 2nd T20