| Sunday, 31st December 2023, 10:43 am

ബംഗ്ലാദേശ് 110ന് ഓള്‍ ഔട്ട്, ന്യൂസിലാന്‍ഡ് 95; 17 റണ്‍സിന് വിജയിച്ച് കിവികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന ടി-20 മാച്ചില്‍ വിജയിച്ച് ആതിഥേയര്‍. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം 17 റണ്‍സിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്. ഇതോടെ പരമ്പര 1-1ന് സമനിലയില്‍ അവസാനിപ്പിക്കാനും ന്യൂസിലാന്‍ഡിനായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. കേവലം 110 റണ്‍സിന് ബംഗ്ലാദേശ് പോരാട്ടം അവസാനിപ്പിച്ചു.

17 റണ്‍സ് നേടിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 18 പന്തില്‍ 16 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ്‌യാണ് മറ്റൊരു റണ്‍ കോണ്‍ട്രിബ്യൂട്ടര്‍.

ന്യൂസിലാന്‍ഡിനായി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. തൗഹിദ് ഹൃദോയ്, ആഫിഫ് ഹൊസൈന്‍, ഷമീം ഹൊസൈന്‍, മഹെദി ഹസന്‍ എന്നിവരെയാണ് സാന്റ്‌നര്‍ മടക്കിയത്.

ക്യാപ്റ്റന് പുറമെ ടിം സൗത്തി, ആദം മില്‍നെ, ബെന്‍ സീര്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ന്യൂസിലാന്‍ഡിനായി പന്തെറിഞ്ഞവരില്‍ ഇഷ് സോധിക്ക് മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയത്. വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും മികച്ച രീതിയില്‍ പന്തെറിയാന്‍ താരത്തിന് സാധിച്ചിരുന്നു. നാല് ഓവറില്‍ 16 റണ്‍സ് മാത്രമാണ് സോധി വഴങ്ങിയത്.

111 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഒരു വശത്ത് ഫിന്‍ അലന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് നിന്നും വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍ എന്നിവര്‍ ഒരു റണ്‍സ് മാത്രം നേടിയാണ് പുറത്തായത്.

31 പന്തില്‍ 38 റണ്‍സ് നേടിയ ഫിന്‍ അലനാണ് ടോപ് ഓര്‍ഡറില്‍ പിടിച്ചുനിന്നത്.

14.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 95 എന്ന നിലയില്‍ നില്‍ക്കവെ മഴയെത്തുകയും മത്സരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.

ഡി.എല്‍.എസ് നിയമം വഴി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ കിവീസിന് പുതിയ ടാര്‍ഗെറ്റ് 79 ആയി മാറി. എന്നാല്‍ ഇതിനോടകം തന്നെ ന്യൂസിലാന്‍ഡ് ടാര്‍ഗെറ്റ് മറികടന്നതോടെ ആതിഥേയരെ 17 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഈ വിജയത്തോടെ പരമ്പര നഷ്ടപ്പെടാതെ കാക്കാനും ന്യൂസിലാന്‍ഡിനായി. നാല് വിക്കറ്റ് വീഴ്ത്തുകയും പുറത്താകാതെ 18 റണ്‍സ് നേടുകയും ചെയ്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് കളിയിലെ കേമന്‍.

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനമാണ് ഇനി കിവികള്‍ക്ക് മുമ്പിലുള്ളത്. അഞ്ച് ടി-20കള്‍ അടങ്ങിയ പരമ്പരക്കാണ് പാക് പട ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്നത്.

Content highlight: New Zealand defeated Bangladesh

We use cookies to give you the best possible experience. Learn more